strike

മണ്ണാർക്കാട്: അട്ടപ്പാടിയിലെ വിവിധ കോളേജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുന്നതിനുള്ള കൺസഷൻ പാസ് നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

എഴുന്നൂറോളം വിദ്യാർത്ഥികളാണ് അട്ടപ്പാടിയിലെ വിവിധ കോളേജുകളിലും സ്‌കൂളുകളിലും, ഐ.ടി.ഐയിലുമായി മണ്ണാർക്കാട് നിന്നും ബസിൽ യാത്ര ചെയ്തു പഠിക്കുന്നത്. കോളേജുകൾ ആരംഭിച്ചതോടെ ബസ് ചാർജ്ജ് മുഴുവൻ തുകയും നൽകി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ. അടിയന്തരമായി വിദ്യാർത്ഥികൾക്ക് കൺസെഷൻ പാസ് അനുവദിക്കണമെന്ന് സമരം ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. കെ.എസ്.യു യൂണിറ്റ് സെക്രട്ടറി ഷിബിൽ അദ്ധ്യക്ഷനായി. എം.എസ്എഫ് മണ്ഡലം ജനറൽ സെക്രട്ടറി ഷജീർ ചങ്ങലീരി, ആഷിദ്, സഞ്ജയ്, നൂറുദ്ദീൻ, ആസിഫ്, ഫർസീൻ, സഫ്വാൻ, മുഹ്സിൻ, ഷെഫിലിയാസ് ചേറുംകുളം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.