ശ്രീകൃഷ്ണപുരം: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ ഹരിതഗ്രാമം ലക്ഷ്യവുമായി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് തുടക്കം. വിവിധ പദ്ധതികളിലായി 49,51960 രൂപയുടെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.
മണ്ണമ്പറ്റ പുന്നാംപറമ്പ് ക്ഷേത്രപരിസരത്ത് എം.സി.എഫ് കേന്ദ്രം, കാർഷികസേവന കേന്ദ്രം എന്നിവ പ്രവർത്തനം ആരംഭിച്ചു. ശ്രീകൃഷ്ണപുരം പഞ്ചായത്ത് സമ്പൂർണ വെളിയിട വിസർജ്ജന മുക്ത പദവി എന്നനേട്ടം കൈവരിച്ചതായുള്ള പ്രഖ്യാപനം കെ. പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു.
ഹരിത സേനാംഗങ്ങളെയും ആദരിച്ചു. ജൽ ജീവൻ മിഷൻ പ്രത്യേക ഗ്രാമസഭായോഗം പ്രസിഡന്റ് സി. രാജിക ഉദ്ഘാടനം ചെയ്തു. 129 കുടുംബങ്ങൾക്ക് ശൗചാലയങ്ങളുടെ നവീകരണത്തിന് ധനസഹായം കൈമാറി. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെ ശ്രീകൃഷ്ണപുരം രണ്ട് വില്ലേജിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ നാടിന് സമർപ്പിച്ചു. പ്ലാസ്റ്റിക് പുനരുപയോഗ പ്രവർത്തനങ്ങൾക്കായി പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിന് ആറ് ലക്ഷം രൂപ ഉപയോഗിക്കും.
ശുചിത്വമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ വൃത്തിയാക്കുന്നതിനായി സിസ്റ്റ് റിമൂവർ മെഷിൻ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 140 വീടുകളിൽ ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾക്കായി 12,60,000 രൂപ വിനിയോഗിക്കും. ഇതോടൊപ്പം കാർഷികമേഖലയിൽ പച്ചക്കറി കൃഷി വികസനം, പ്രകൃതി കൃഷി രീതി വ്യാപനം എന്നീ മേഖലകളിൽ പുതിയ പദ്ധതികൾക്കും തുടക്കമായി.