പാലക്കാട്: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ ജില്ലയെ സമ്പൂർണ ശുചിത്വമാക്കുന്നതിന്റെ ഭാഗമായി കൊവിഡ് കാലത്തും ഹരിതകർമ്മ സേനയുടെ പ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുന്നു. 2017ൽ ജില്ലയിൽ 11 തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി (എം.സി.എഫ്) ഉണ്ടായിരുന്നത്. നിലവിൽ 68 തദ്ദേശ സ്ഥാപനങ്ങളിലാണ് സ്ഥിരം സംവിധാനത്തോടെ എം.സി.എഫുകൾ പ്രവർത്തിക്കുന്നത്. കൂടാതെ 27 തദ്ദേശ സ്ഥാപനങ്ങളിൽ താത്കാലിക സംവിധാനത്തിലും എം.സി.എഫ് പ്രവർത്തിക്കുന്നുണ്ട്.
അടുത്തവർഷം ആദ്യം എല്ലായിടത്തും സ്ഥിരം സംവിധാനമൊരുക്കുക എന്നതാണ് ഹരിത കേരളം മിഷന്റെ ലക്ഷ്യം. ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച് എം.സി.എഫുകളിൽ എത്തിക്കുന്ന പാഴ് വസ്തുക്കൾ പുനരുപയോഗപ്പെടുത്താനുള്ള റീസൈക്ലിംഗ് കേന്ദ്രങ്ങൾ (ആർ.ആർ.എഫ്) ജില്ലയിൽ 14 എണ്ണം പൂർത്തിയായി. ആറെണ്ണം കൂടി ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
ശേഖരിക്കുന്ന മാലിന്യം കൈമാറാൻ ക്ലീൻ കേരള കമ്പനിയുമായി കരാറിൽ എത്തിയിട്ടുള്ള സംസ്ഥാനത്തെ കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ ജില്ലയിലാണ്. 78 തദ്ദേശ സ്ഥാപനങ്ങൾ നിലവിൽ ക്ലീൻ കേരള കമ്പനിക്ക് അജൈവ മാലിന്യം തരംതിരിച്ച് കൈമാറുന്നുണ്ട്. അഞ്ച് പഞ്ചായത്തുകൾ സ്വകാര്യ കമ്പനികളുമായി മാലിന്യകൈമാറ്റത്തിന് കരാറിലെത്തിയിട്ടുണ്ട്. മാലിന്യശേഖരണം കാര്യക്ഷമമാക്കാൻ 231 മിനി എം.സി.എഫ് സ്ഥാപിച്ചിട്ടുണ്ട്. ഇത് 531 എണ്ണമായി ഉയർത്തും. കൊവിഡിനെ തുടർന്ന് മുടങ്ങിയ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെയും ക്യാരി ബാഗുകളുടെയും നിരോധനം പൂർവ സ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ്.
ഹരിത കേരളം മിഷന്റെ പ്രവർത്തനത്തിലൂടെ 67 തദ്ദേശഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവി കൈവരിച്ചത്. നഗരസഭകളിൽ പാലക്കാട്, പട്ടാമ്പി നഗരസഭകൾ മാത്രമാണ് ഈ നേട്ടം കൈവരിക്കാനുള്ളത്. സംസ്ഥാനത്തെ മികച്ച പഞ്ചായത്തിന്റെ പട്ടികയിൽ രണ്ടാമത് എത്തുന്നതിന് വെള്ളിനേഴി പഞ്ചായത്തിനെ സഹായിച്ചതും കാര്യക്ഷമായ ശുചിത്വ പ്രവർത്തനമാണ്. ബാക്കി തദ്ദേശ സ്ഥാപനങ്ങളെയും ശുചിത്വ പദവിയിലേക്ക് എത്തിക്കാനാണ് ശ്രമം.
- വൈ. കല്യാണകൃഷ്ണൻ, ഹരിത കേരളം മിഷൻ, ജില്ലാ കോ- ഓർഡിനേറ്റർ.