2
അതിർത്തിയിലെ താവളം - ഗോപാലപുരം റോഡ്.

ചിറ്റൂർ: അതിർത്തി ഗ്രാമങ്ങൾ വഴി തമിഴ്നാട് റേഷനരി കേരളത്തിലേക്ക് ഒഴുകുന്നു. റേഷൻ അരികടത്തുന്ന വൻ സംഘങ്ങൾ അതിർത്തിയിൽ തമ്പടിച്ചാണ് അരി ശേഖരിക്കുന്നത്. കാർ, വാൻ, ഇരുചക്രവാഹനങ്ങൾ എന്നിവയിലൂടെ പിന്നീട് പട്ടാപ്പകൽ തന്നെ കടത്തും. സംഭരിക്കുന്നതിന് നിരവധി രഹസ്യ ഗോഡൗണുകളും അതിർത്തി ഗ്രാമങ്ങളിലുണ്ട്.

ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് കടത്തുമാഫിയകളിൽ ഏറെയും. നൂറ് കണക്കിന് യുവാക്കൾ റേഷൻ അരികടത്തിന് പിന്നിലുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ കാലങ്ങളിൽ വിവിധ കള്ളക്കടത്ത് നടത്തിയവർ തന്നെയാണ് ഇപ്പോഴത്തെ കടത്തിനു ചുക്കാൻ പിടിക്കുന്നത്.

അതിർത്തിയിലെ ഊടുവഴികളിലൂടെ ദിനംപ്രതി ആയിരം ടൺ വരെ അരി എത്തുന്നുണ്ടെന്നാണ് അറിയുന്നത്. പാലക്കാട് അതിർത്തിയിലെ വാളയാർ, ഗോപാലപുരം, വേലന്താവളം, കുപ്പാണ്ട കൗണ്ടനൂർ, നടുപ്പുണി, മീനാക്ഷിപുരം, ഗോവിന്ദാപുരം തുടങ്ങിയ ചെക്ക് പോസ്റ്റുറ്റുകൾക്ക് സമീപമുള്ള 18 ഓളം ഊടുവഴികളിലൂടെയാണ് കള്ളക്കടത്ത് നടക്കുന്നത്‌. കൊവിഡ് വ്യാപനം ഉണ്ടായതു മുതൽ തമിഴ്നാട്ടിൽ നിന്നും അരി കടത്ത് വ്യാപകമാണെന്ന് പരിസരവാസികൾ പറയുന്നു.

തമിഴ്നാട്ടിൽ സൗജന്യമായി ലഭിക്കുന്ന അരിയാണ് അതിർത്തിയിലെത്തിച്ച് വിവിധ ജില്ലകളിലേക്ക് കയറ്റി അയക്കുന്നത്. കഴിഞ്ഞ നാല് വർഷമായി ഇത് പ്രവർത്തിച്ചു വരുന്നുണ്ടത്രെ. തമിഴ്നാട്ടിൽ കിലോയ്ക്ക് 5 രൂപയ്ക്ക് ലഭിക്കുന്ന അരി ഇവിടെ 15 രൂപയ്ക്ക് വാങ്ങി കേരളത്തിലെ വൻകിട മോഡേൺ റൈസ് മില്ലുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെ പോളിഷ് ചെയ്ത് കളർ ചേർത്ത് പുത്തൻ ബ്രാൻഡുകളിൽ വിൽക്കുന്നതോടൊപ്പം വിദേശത്തേക്ക് വരെ കയറ്റിഅയക്കുന്നുണ്ട്.

കേരളത്തിലെ ചില റേഷൻ ഡിപ്പോകളിലും തമിഴ്നാട് അരി എത്തുന്നതായി ആരോപണമുണ്ട്. സ്വകാര്യ ഡീലർമാരിൽ പലരും പച്ചരി, കുത്തരി എന്നിവയെല്ലാം കരിഞ്ചന്തയിൽ വിറ്റഴിച്ച് പകരം തമിഴ്നാട് റേഷനരി യാണ് വിതരണം ചെയ്യുന്നത്. ഇടയ്ക്ക് വല്ലപ്പോഴും പിടികൂടുന്ന തമിഴ്നാട് റേഷൻ അരി സൂക്ഷിക്കുന്നത് അതിർത്തിയിലെ റേഷൻ ഡിപ്പോകളിലാണ്. കൊവിഡ് വ്യാപനത്തോടെ അതിർത്തിയിൽ ഊടുവഴികളുടെ എണ്ണം കൂടിയിട്ടുണ്ട്.

പ്രധാന ചെക്ക്‌ പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയപ്പോൾ മാഫിയ തേടിയത് പുത്തൻ വഴികൾ. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും രാമപട്ടണം താവളം - ഗോപാലപുരം റോഡാണ് പ്രധാന മാർഗം. ഈ റോഡിന്റെ ഒരു ഭാഗം തമിഴ്നാടും മറു ഭാഗം കേരളവുമാണ്. ഇതുവഴി വന്നാൽ അതിർത്തി ചെക്ക് പോസ്റ്റ് തൊടാതെ ഗോപാലപുരത്തെത്താം. തെങ്ങിൻ തോപ്പുകൾ മാത്രമുള്ള ഈ പ്രദേശത്ത് ജനവാസം നന്നേ കുറവാണ്. അരി കടത്തുകാർക്കു വേണ്ടിയുള്ള റോഡാണിതെന്നാണ് കർഷകരുടെ ആരോപണം. കൊഴിഞ്ഞാമ്പാറ, വണ്ണാമട, മൂലക്കട, ചിന്ന മൂലത്തറ, ഗോപാലപുരം, ഒഴലപ്പതി, അത്തിക്കോട് എന്നിവടങ്ങളിലെ പ്രമുഖരാണ് ഇതിനു പിന്നിൽ. ഇവർക്ക് ഉന്നതരുടെ ഒത്താശയും ഉണ്ട്. അതിർത്തി വഴിയുള്ള വ്യാപക അരി കടത്ത് തടയാൻ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

അരികടത്തിങ്ങനെ