nelliyampathy
നെല്ലിയാമ്പതിയിലെ ഓറഞ്ച് ഫാം, പാഷൻ ഫ്രൂട്ട് ഫാം

 കഴിഞ്ഞവർഷം വിളവെടുത്തത് രണ്ടര ടൺ


പാലക്കാട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ ഓറഞ്ച് വിളവെടുപ്പിന് ഒരുങ്ങുന്നു. നിലവിൽ ചെറിയ രീതിയിൽ വിളവെടുപ്പിന് തുടക്കമിട്ടെങ്കിലും നവംബറോടെ കൂടുതൽ കാര്യക്ഷമമാകും. 25 ഹെക്ടറിലായി 6000 തൈകളാണ് നട്ടിട്ടുള്ളത്. 3000 നാഗ്പൂർ മന്ദാരിൻ വിഭാഗം ഹൈബ്രിഡ് ഇനവും ബാക്കി നെല്ലിയാമ്പതി ലോക്കൽ ഇനവുമാണ്. 2020 ൽ രണ്ടര ടണ്ണോളം ഓറഞ്ച് വിളവെടുത്തു. മുഴുവൻ ഓറഞ്ചും സ്‌ക്വാഷാക്കി വിൽക്കുകയാണ് പതിവെന്ന് നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം സൂപ്രണ്ട് എ. നന്ദകുമാർ പറഞ്ഞു.

2016 ൽ അന്നത്തെ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് നെല്ലിയാമ്പതി ഓറഞ്ച് കൃഷിയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനു മുൻപ് ബ്രിട്ടീഷുകാർ നട്ടുവളർത്തിയതെന്ന് കരുതപ്പെടുന്ന ഓറഞ്ച് മരങ്ങളിൽ നിന്നാണ് വിളവെടുത്തിരുന്നത്. എന്നാൽ വർഷങ്ങളുടെ പഴക്കമായതോടെ കായ്ഫലം കുറയുകയും മരങ്ങൾ നശിക്കുകയും ചെയ്തിരുന്നു. ഫാമിന്റെ പേര് നിലനിർത്തുന്നതിനും കൂടി വേണ്ടിയായിരുന്നു പുനരുജ്ജീവന പ്രവർത്തനങ്ങൾ.

80 ഹെക്ടറിൽ കാപ്പി, 10 ൽ പാഷൻ ഫ്രൂട്ട്, 20 ൽ പേര, 14 ൽ മാവ്, 10.30 ഹെക്ടറിൽ റഫ് ലെമൺ , രണ്ട് ഹെക്ടറിൽ ചെറുനാരകം എന്നിവ നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിനു കീഴിൽ കൃഷി ചെയ്തുവരുന്നു. ഇതിനു പുറമെ സ്‌ട്രോബറി, ആന്തൂറിയം, മറ്റ് അലങ്കാര സസ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഇവയുടെ വിൽപനയും നടക്കുന്നുണ്ട്. തണുത്ത കാലാവസ്ഥയിൽ വളരുന്ന നിരവധി പച്ചക്കറികൾക്ക് നെല്ലിയാമ്പതിയിൽ നിലമൊരുക്കിയിട്ടുണ്ട്. ബ്രോക്കോളി, കാബേജ്, കോളിഫ്‌ലവർ, കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്, ബീൻസ്, ഗ്രീൻപീസ്, മല്ലി, പയർ, തക്കാളി, മുളക്, വഴുതനങ്ങ, ചീര, വെള്ളരി, തണ്ണിമത്തൻ, ചെറിയ ഉള്ളി, സവാള എന്നിവയ്ക്കാണ് നിലമൊരുക്കിയിട്ടുള്ളത്. ഒക്ടോബർ അവസാനത്തോടെ പ്ലാന്റിംഗ് തുടങ്ങും. ഡിസംബർ ജനുവരിയോടെ വിളവെടുപ്പ് തുടങ്ങും.

202021 സാമ്പത്തിക വർഷത്തിൽ അഞ്ച് ടൺ പച്ചക്കറിയാണ് വിളവെടുത്തത്. പുറമെ നിന്ന് വാങ്ങുന്നതിനേക്കാൾ ശുദ്ധമായതും വിലക്കുറവുമുണ്ടെന്നതിനാൽ നെല്ലിയാമ്പതി പച്ചക്കറികൾക്ക് ആവശ്യക്കാരേറെ ആണെന്ന് സൂപ്രണ്ട് അറിയിച്ചു. വിനോദസഞ്ചാരികൾക്കിടയിലാണ് നെല്ലിയാമ്പതിയിലെ പഴങ്ങളും പച്ചക്കറികളും വിറ്റഴിക്കപ്പെടുന്നത്. കോവിഡ് 19 നെത്തുടർന്നുണ്ടായ ലോക്ഡൗൺ സമയത്ത് സെയിൽസ് കൗണ്ടർ തുറന്ന് പ്രവർത്തിക്കാനാകാത്തതിനാൽ വിൽപ്പനയ്ക്ക് പ്രായോഗിക ബുദ്ധിമുട്ട് നേരിട്ടിരുന്നതായും അധികൃതർ അറിയിച്ചു.

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ ആകെ 171.40 ഹെക്ടർ സ്ഥലത്താണ് കൃഷി നടക്കുന്നത്. 91 സ്ഥിരം തൊഴിലാളികളും 122 താത്ക്കാലിക തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നു. നെല്ലിയാമ്പതിയിൽ ഫാം ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങളും പുരോഗതിയിലാണ്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കർഷകർക്കും ടൂറിസ്റ്റുകൾക്കും തോട്ടങ്ങളിൽ നേരിട്ട് പോയി കൃഷി രീതികൾ കാണാനും പഠിക്കാനും അവസരമൊരുങ്ങും.