പട്ടാമ്പി: സാദ്ധ്യമായ മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് വാക്സിൻ ലഭ്യമാക്കി തിരുവേഗപ്പുറ പഞ്ചായത്ത് സമ്പൂർണ വാക്സിനേറ്റഡ്. പ്രാഥമികരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സമ്പൂർണ വാക്സിനേഷൻ പ്രഖ്യാപനം നിർവഹിച്ചു.

പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം പഞ്ചായത്തിന്റെ പ്രഥമ പരിഗണന വിഷയമായതിനാൽ സാദ്ധ്യമായ ഏറ്റവും വേഗത്തിൽ വാക്സിൻ ലഭ്യമാക്കാനുള്ള ലക്ഷ്യം തുടക്കം മുതൽ തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി തനത് ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിന് നേരിട്ട് വാക്സിൻ വാങ്ങാൻ പ്രത്യേക അനുമതിക്കായി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ലഭ്യമായിരുന്നില്ല.

പിന്നീട് ജില്ല മെഡിക്കൽ ഓഫീസർ മുഖേന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് ആയി വാക്സിനുകൾ അനുവദിക്കുകയും മെമ്പർമാർ മുഖേന ഇത് വാർഡ് അടിസ്ഥാനത്തിൽ ലഭ്യമാക്കി വരികയും ചെയ്തു. തുടക്കത്തിൽ നാമമാത്രമായ ഡോസുകളാണ് പഞ്ചായത്തിലേക്ക് ഓരോ ദിവസവും ലഭിച്ചിരുന്നത്.ഇതേ സമയം തിരുവേഗപ്പുറയേക്കാൾ ജനസംഖ്യ കുറവുള്ള പല പഞ്ചായത്തുകൾക്കും കൂടുതൽ ഡോസ് അനുവദിച്ചിരുന്നു.

ഈ വിഷയം ആരോഗ്യ മന്ത്രി,​ വകുപ്പ് സെക്രട്ടറി,​ ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരെ അറിയിച്ചിരുന്നു. ജനസംഖ്യാ ആനുപാതികമായി വാക്സിൻ ലഭ്യമാക്കണമെന്ന പഞ്ചായത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടതോടെയാണ് സമ്പൂർണ വാക്സിനേഷൻ പഞ്ചായത്ത് എന്ന ലക്ഷ്യത്തിലെത്തിയത്.

വാക്സിൻ നൽകിയത്

വാക്സിൻ എടുക്കാൻ സന്നദ്ധരല്ലാത്തവർ, കൊവിഡ് പോസിറ്റീവായി 90 ദിവസം പൂർത്തിയാകാത്തവർ, മറ്റു കാരണങ്ങളാൽ വാക്സിൻ എടുക്കൽ സാദ്ധ്യമല്ലാത്തവർ എന്നിവരൊഴികെ 18 വയസ്സിനു മുകളിലുള്ള വാക്സിൻ എടുക്കൽ സാദ്ധ്യമായ മുഴുവൻ പേർക്കുമാണ് ആദ്യ ഡോസ് ലഭ്യമാക്കിയത്. കൂടാതെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കും വാക്സിനേഷൻ നൽകിയിട്ടുണ്ട്. കൊവിഡ് പോസിറ്റീവായി 90 ദിവസം പൂർത്തിയാകുന്നവർക്ക് അതത് സമയം വാക്സിൻ എടുക്കാനുള്ള സൗകര്യം തുടർന്നും ഉണ്ടായിരിക്കും.

കൊവിഡ് പ്രതിരോധത്തിൽ ഏറ്റവും നിർണായകമായ സമ്പൂർണ വാക്സിനേഷൻ യജ്ഞം പൂർത്തീകരിക്കാൻ നിരവധിയാളുകളുടെ സഹായ സഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാവർക്കും പഞ്ചായത്ത് ഭരണ സമിതിയുടെ നന്ദി അറിയിക്കുന്നു.

- എം.ടി. മുഹമ്മദ് അലി,​ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്