sujeth
കവളപ്പാറയിലെ സുജേതിന്റെ വീടിനോട് ചേർന്നുള്ള മിയാവാക്കി വനം.

ഒറ്റപ്പാലം: ലോകം ആദരവോടെ പിന്തുടരുന്ന മിയാവാക്കി വനമാതൃകയിൽ കവളപ്പാറയിലെ വീട്ടുവളപ്പിൽ സ്വാഭാവിക വനമുണ്ടാക്കി പ്രകൃതിക്ക് കുട നിർമ്മിക്കുകയാണ് കാരക്കാട് ആലങ്ങോട്ടിൽ സുജേത് (45) എന്ന തീരസംരക്ഷണസേനയിലെ ഡെപ്യൂട്ടി കമാൻഡന്റ്. ഒരു തുണ്ട് ഭൂമിയെപോലും സ്വാഭാവിക വനമാക്കുന്ന ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞൻ അക്കിര മിയാവാക്കിയെ പിന്തുടരുകയാണ് കവളപ്പാറയുടെ കൊട്ടാര മണ്ണിൽ സുജേത്. നഗരപരിധിയിലും ശാസ്ത്രീയമായ രീതിയിൽ കാടുണ്ടാക്കുകയെന്ന അർബൺ ഫോറസ്ട്രി രീതിയാണിത്.

ആറടിയിലധികം ഉയരത്തിൽ വളർന്ന ഔഷധ സസ്യങ്ങൾ ഉൾപ്പടെ രണ്ട് മാസത്തിനിടെ ഈ വനത്തിൽ വളർന്ന് പൊങ്ങിയത് 180ൽപരം മരങ്ങളും ചെടികളും. ചകിരിച്ചോറും ചാണകപ്പൊടിയും ഉമിയും മണ്ണും തുല്യ അനുപാതത്തിലുള്ള മിശ്രിതമാക്കി ഒന്നര സെന്റിൽ നിലമൊരുക്കിയാണ് ജൈവ വൈവിദ്ധ്യ സമ്പത്തിന്റെ ഘടന. ഒരു ചതുരശ്ര മീറ്ററിൽ നാല് തൈകൾ എന്ന രീതിയിലാണ് വനത്തിന്റെ ക്രമീകരണം. ഇത്ര അടുപ്പത്തിൽ ചെടികൾ നട്ടാൽ സൂര്യപ്രകാശം ലഭിക്കാതെ നശിക്കുമെന്നാണ് പറയുന്നതെങ്കിലും സൂര്യപ്രകാശത്തിനായി ചെടികൾ മത്സരിച്ച് വളർന്ന് പൊങ്ങുമെന്നാണ് മിയാവാക്കിയുടെ കണ്ടെത്തൽ. ഇതുതന്നെയാണ് സുജേതിന്റെ മിയാവാക്കി വനവും തെളിയിച്ചത്.

അപൂർവ ഔഷധ സസ്യങ്ങളായ വിഷപാമ്പായ അണലി കടിച്ചാൽ ഉപയോഗിക്കുന്ന അണലിവേഗം, മുറിവായാൽ വേഗത്തിൽ മാറുന്ന മുറികൂടൻ, ഗരുഡക്കൊടി, കിരിയാത്ത്, നാഗപൂമരം, കറുത്ത കുന്തിരിക്കം ഉൾപ്പെടെ 100 ഔഷധ സസ്യങ്ങളുണ്ടിവിടെ. ഏഴുതരം മാമ്പഴങ്ങളുണ്ടാകുന്ന മാവുകൾ ഉൾപ്പെടെ 80 ഫലവൃക്ഷത്തൈകളും ഈ വനത്തിന്റെ സമ്പത്താണ്. മിയാവാക്കി വനത്തിന് പുറമെ സുജേതിന്റെ വീടിന് നാല് പുറവും ജൈവവൈവിദ്ധ്യമാണ്. മഴവെള്ള സംഭരണിയും പൂമ്പാറ്റകൾക്ക് വംശവർദ്ധനവിനുള്ള ചെടികളും ഉൾപ്പടെ മുറ്റത്ത് സംരക്ഷിക്കുന്നുണ്ട്. വീടിന്റെ ബാൽക്കണിയിലേക്ക് കയറുന്ന വള്ളിപടർപ്പും അതിലൂടെ എത്തുന്ന പാമ്പും പേടിയുണ്ടാക്കില്ലേ എന്ന ചോദ്യത്തിന് അവരും ഭൂമിയുടെ അവകാശികളാണെന്നാണ് മറുപടി.

സുജേതിന്റെ വീടിന്റെ നിർമ്മാണവും പ്രകൃതിക്കിണങ്ങുന്ന രീതിയിലാണ്. കേരളത്തിന്റെ ഭൂപ്രകൃതിക്കിണങ്ങുന്ന ലാറിബേക്കർ നിർമ്മാണമാണ് വീടിനുപയോഗിച്ചത്. ജോലിക്കിടെ കിട്ടുന്ന അവധി ദിവസങ്ങളും ഒഴിവ് സമയങ്ങളുമാണ് മിയാവാക്കി വനത്തിന്റെ സംരക്ഷണത്തിനു ഉപയോഗിക്കുക. മറ്റ് സമയങ്ങളിൽ അദ്ധ്യാപികയായ ഭാര്യ അമൃതയും മകൾ റിതുപർണയും മിയാവാക്കി വനത്തിന്റെ പരിചാരകരാണ്. വനംവകുപ്പിന്റെ സഹകരണം കൂടി ഉറപ്പാക്കി ആഗോളതാപനത്തിന് വനമാണ് മറുപടിയെന്ന സന്ദേശം ശക്തിപ്പെടുത്തണമെന്ന ആഗ്രഹമാണുള്ളതെന്ന് സുജേത് പറയുന്നു.