ആലത്തൂർ: ആലത്തൂർ താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് നവംബർ ആദ്യവാരത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. യൂണിറ്റിനെ കുറിച്ച് കെ.ഡി. പ്രസേനൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചു.

സംസ്ഥാനത്തെ 44 ആശുപത്രികളിൽ കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാൻ തീരുമാനിച്ചതിലെ ഒന്നായിരുന്നു ആലത്തൂർ താലൂക്ക് ആശുപത്രി. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന ആശുപത്രിയിൽ 5 ഡയാലിസിസ് കിടക്കകൾ സജ്ജീകരിച്ച് സിവിൽ വർക്കുകൾ പൂർത്തിയാക്കി. കെ.എം.എസ്.സി.എൽ ഉപകരണങ്ങളും ആശുപത്രിയിൽ സ്ഥാപിച്ചു. യൂണിറ്റിലേക്കുള്ള ജനറേറ്റർ വിതരണം ഏറ്റെടുത്ത കമ്പനിയുടെ പ്രശ്നങ്ങൾ കാരണം പിന്മാറി പുതിയ കമ്പനി വിതരണം ഏറ്റെടുത്തെങ്കിലും കൊവിഡ് സാഹചര്യത്തിൽ അവരും കരാറിൽ നിന്നും പിന്മാറി. തുടർന്ന് മറ്റൊരു കമ്പനി വിതരണം ഏറ്റെടുത്ത് ഒക്ടോബർ പകുതിയോടെ ജനറേറ്റർ ആശുപത്രിയിൽ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും നവംബർ ആദ്യ വാരത്തിൽ യൂണിറ്റ് പ്രവർത്തനക്ഷമമാക്കുമെന്നും ഇതിനായി കെ.എം.എസ്.സി.എൽ മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.