ഒറ്റപ്പാലം: വിവാദ കൊടുങ്കാറ്റുയർത്തിയ അനേകം കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ച എസ്. ശശിധരന് ഇനി ഐ.പി.എസ് തിളക്കം. പെരുമ്പാവൂർ ജിഷ വധക്കേസ്, നിലമ്പൂർ രാധ വധക്കേസ്, ആലുവ നാവായിക്കുളം തീവ്രവാദക്കേസ്, പാലക്കാട്ടെ കുഴൽപ്പണക്കേസ്, സ്പിരിറ്റ് കേസ് എന്നിങ്ങനെ കൊലപാതകമടക്കം ഒരു ഡസനിലേറെ വരുന്ന സുപ്രധാന കേസുകളിൽ എസ്. ശശിധരന്റെ അന്വേഷണമികവ് പൊലീസിന്റെ അന്വേഷണത്തിൽ പ്രധാന ഘടകമായി.
പാലക്കാട്ടെ കുഴൽപ്പണ മാഫിയ ശശിധരന് നേരെ വധശ്രമത്തിന് മുതിർന്ന സംഭവം ഏറെ ഒച്ചപ്പാടിന് കാരണമായിരുന്നു. കാർ കയറ്റിയാണ് കുഴൽപ്പണ മാഫിയ വധശ്രമത്തിന് മുതിർന്നത്. അന്താരാഷ്ടരംഗത്ത അനുഭവ പരിജ്ഞാനമാണ് കുറ്റാന്വേഷണ രംഗത്ത് ശശിധരന് തുണയായത്. യു.എൻ സമാധാനസേനയുടെ ഭാഗമായി 2006ലും, 2015 ലും സുഡാനിൽ ശശിധരൻ ജോലി ചെയ്തിരുന്നു.
തെളിവുകളുടെ തലനാരിഴ പോലും ബാക്കി വയ്ക്കാതെ കുറ്റവാളികളെ പിന്തുടർന്ന് കണ്ടെത്തി കൈയ്യാമം വയ്ക്കുന്നതിൽ ശശിധരൻ പല തവണ വിജയിച്ചിട്ടുണ്ട്. 1997 കാലഘട്ടത്തിലാണ് കൊല്ലം അഞ്ചാലുംമൂട് സബ് ഇൻസ്‌പെക്ടറായി പൊലീസിൽ തുടക്കം. പിന്നീട് ഡി.വൈ.എസ്.പി.യായി. ഇപ്പോൾ കോഴിക്കോട് വിജിലൻസ് സെൽ എസ്.പി.യായിരുക്കുന്ന വേളയിലാണ് ഐ.പി.എസ് പദവി തേടി എത്തുന്നത്.
ആറ് വർഷത്തെ സേവനം കൂടി ബാക്കിയുള്ള എസ്. ശശിധരന് നിരവധി അംഗീകാരങ്ങൾ പൊലീസ് യൂണിഫോമിൽ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, രാഷ്ട്രപതി എന്നിവരിൽ നിന്നു വരെ മികച്ച സേവനത്തിനുള്ള മെഡൽ സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
അദ്ധ്യാപകനാകാൻ മോഹിച്ചെഹ്കിലും പൊലീസുകാരനാകാനായിരുന്നു നിയോഗം. ഷൊർണൂർ എസ്.എൻ. കോളേജിലെ പ്രീ ഡിഗ്രി പഠനത്തിന് ശേഷം ചെർപ്പുളശേരിയിൽ ടി.ടി.സി പൂർത്തിയാക്കി അദ്ധ്യാപന വഴി തിരഞ്ഞെടുക്കാനായിരുന്നു മോഹം. എന്നാൽ പൊലീസിലെത്തി ഐ.പി.എസ് നേട്ടത്തിലാണ് ഇന്ന് ഈ പാലക്കാട് കണ്ണമ്പ്രക്കാരൻ. ബ്ലെസിയാണ് ഭാര്യ. വിദ്യാർത്ഥികളായ ശ്രേയ, ശ്വേത എന്നിവർ മക്കളാണ്.