cements

പാലക്കാട്: ലോക്ക് ഡൗൺ ഇളവുകൾക്കു ശേഷം നിർമ്മാണമേഖല കരകയറുന്നതിനിടെ സിമന്റ് വില വർദ്ധിച്ചതോടെ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനകം ചാക്കിന് 150 രൂപയോളമാണ് വില വർദ്ധിച്ചത്. യാതൊരു നിയന്ത്രണവുമില്ലാതെ സിമന്റ് വില കുത്തനെ കയറിയത്. സിമന്റ് കൂടാതെ മറ്റ് സാധന സാമഗ്രികളുടെയും വില ഉയർന്നതോടെ വീടുകൾ ഉൾപ്പെടെ നിർമ്മിക്കുന്നവർക്ക് നിലവിൽ സാമ്പത്തിക പ്രയാസവും തുടർനിർമ്മാണത്തിന് തടസമാകുന്നുണ്ട്.

പല കെട്ടിടങ്ങളും നിശ്ചിത ബഡ്ജറ്റിൽ പൂർത്തിയാക്കുന്നതിനാണ് ഉടമസ്ഥർ നിർമ്മാതാക്കൾക്ക് കരാർ നൽകിയിരിക്കുന്നത്. എന്നാൽ കുതിച്ചുയരുന്ന വിലയ്‌ക്കൊപ്പം ചെലവും വർദ്ധിച്ചതോടെ സാമ്പത്തിക ദുരിതത്തിലായ പലരും നിർമ്മാണം നിറുത്തിവച്ചു. മേഖല പൂർണമായി സ്തംഭനത്തിലേക്ക് പോയാൽ അനുബന്ധ ജോലികൾ ചെയ്യുന്ന ആയിരകണക്കിനാളുകളാകും ദുരിതത്തിലാകും.

ഇന്ധന വിലക്കയറ്റവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമാണ് വില കൂടാൻ കാരണമെന്നാണ് സിമന്റ് കമ്പനികളുടെ വാദം. എന്നാൽ കമ്പനികൾ അന്യായമായി വില കൂട്ടുകയാണെന്നാണ് വ്യാപാരികളുടെ പരാതി. സ്വകാര്യ കമ്പനികൾ വില കൂട്ടുന്നതിന് അനുസരിച്ച് മലബാർ സിമന്റ് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളും വില കൂട്ടാൻ നിർബന്ധിതരാകും. വില നിയന്ത്രിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കരാറുകാരും വ്യാപാരികളും മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്.

സിമന്റ് വില

നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് തടയാൻ അടിയന്തരമായി നടപടി സ്വീകരിക്കണം. തോന്നുന്ന വിധം വില നിർണയിക്കാൻ സ്വകാര്യ കമ്പനികൾക്ക് കഴിയുമെന്നതിനാലാണ് ഇത്തരത്തിൽ വിലക്കയറ്റം ഉണ്ടാകുന്നത്. നിലവിലുള്ള സ്റ്റോക്ക് പഴയ വിലയ്ക്കു തന്നെ വിൽക്കാനാകുമെങ്കിലും വരും ദിവസങ്ങളിലായി പുതിയ വിലയ്ക്കു തന്നെ വിൽക്കേണ്ട അവസ്ഥയിലാണ് നിലവിൽ വ്യാപാരികൾ.

- എം.വി. സക്കീർ ഹുസൈൻ, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള സിമന്റ് ഡീലേഴ്സ് അസോ.