rly-stn
യാത്രക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വാളയാർ റെയിൽവേ സ്റ്റേഷൻ.

പാലക്കാട്: പാലക്കാട്ട് നിന്നും കോയമ്പത്തൂരിലേക്ക് നിത്യയാത്രക്കാരായ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങിയില്ല, എങ്കിലും എക്‌സ്പ്രസ് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചതിൽ ആശ്വാസം.
കോയമ്പത്തൂരിലും സേലത്തും പഠിക്കുന്നതിനും ജോലിക്കും മറ്റുമായി നൂറുകണക്കിന് പേരാണ് ട്രെയിൻ സർവീസിനെ ആശ്രയിച്ചിരുന്നത്. കൊവിഡ് കാലത്ത് ട്രെയിൻ സർവീസ് നിലയ്ക്കുകയും ബസ് സർവീസുകൾ അതിർത്തി കടക്കാതെ വരികയും ചെയ്തതോടെ ഇക്കൂട്ടർ പ്രതിസന്ധിയിലായിരുന്നു.
പാസഞ്ചർ ട്രെയിനുകൾ തുടങ്ങണമെന്ന് മുറവിളി ഉയരുന്നുണ്ടെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിനിടെയാണ് കോയമ്പത്തൂരിനും പാലക്കാടിനും മദ്ധ്യേയുള്ള സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചത്.

കൊട്ടേക്കാട്, കഞ്ചിക്കോട്, വാളയാർ, ചുള്ളിമട, എട്ടിമട, മധുക്കര, പോത്തന്നൂർ തുടങ്ങിയ സ്‌റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരാണ് പാസഞ്ചർ ട്രെയിൻ ഇല്ലാതായതോടെ ബുദ്ധിമുട്ടിലായത്. പാലക്കാട് ടൗൺ തിരുച്ചിറപ്പള്ളി, മംഗലാപുരം - കോയമ്പത്തൂർ, കണ്ണൂർ - കോയമ്പത്തൂർ തുടങ്ങിയ എക്‌സ്പ്രസ് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചതോടെ യാത്രാപ്രതിസന്ധിക്ക് നേരിയ പരിഹാരമായിട്ടുണ്ട്. കൊട്ടേക്കാടും ചുള്ളിമടയും ഒഴികെയുള്ള സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾ നിറുത്തുന്നുണ്ട്.

ട്രെയിനുകൾക്ക് സ്‌റ്റോപ്പ് അനുവദിച്ചെങ്കിലും കോയമ്പത്തൂരിനും പാലക്കാടിനും ഇടയിലുള്ള സ്‌റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടർ തുറന്നു പ്രവർത്തിക്കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ട്രെയിനുകളിൽ സഞ്ചരിക്കണമെങ്കിൽ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയോ അല്ലെങ്കിൽ പാലക്കാട് സ്റ്റേഷനിലെത്തി ടിക്കറ്റ് എടുക്കുകയോ ചെയ്യണമെന്നതാണ് അവസ്ഥ. പ്രായമായവർ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് ലഭ്യമാകാൻ കൗണ്ടറുകൾ ആരംഭിക്കണമെന്ന ആവശ്യം ഇതിനാൽ ഉയരുന്നുണ്ട്.

ട്രെയിൻ സമയ വിവരം


പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക്

പാലക്കാട് ടൗൺ (6.30) - പാലക്കാട് ജംഗ്ഷൻ (6.45) - കോയമ്പത്തൂർ (8.07)

പാലക്കാട് (11.50) - കോയമ്പത്തൂർ (13.50)

പാലക്കാട് (17.55) - കോയമ്പത്തൂർ (19.55)


കോയമ്പത്തൂർ നിന്നും പാലക്കാട്ടേക്ക്

കോയമ്പത്തൂർ (7.50) - പാലക്കാട് (9.05)

കോയമ്പത്തൂർ (14.25) - പാലക്കാട് (15.25)

കോയമ്പത്തൂർ (18.25) - പാലക്കാട് ജംഗ്ഷൻ (19.50) - പാലക്കാട് ടൗൺ (20.25)