nel

പാലക്കാട്: ജില്ലയിലെ കർഷകരിൽ നിന്ന് നെല്ലിന്റെ കയറ്റുകൂലി ഈടാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ദേശീയ കർഷക സമാജം ജില്ലാ സമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി ജില്ലയിൽ നിലനിന്നിരുന്ന കയറ്റുകൂലി പ്രശ്നം പരിഹരിക്കുന്നതിന് സിവിൽ സപ്ലൈസ് വകുപ്പിന് കഴിഞ്ഞില്ല. കർഷകരെയും ബന്ധപ്പെട്ട വകുപ്പ് മേധാവികളെയും ഉൾക്കൊള്ളിച്ച് ചർച്ചകൾ നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.

ഇതേത്തുടർന്ന് വിവിധ കർഷക സംഘടനാ പ്രതിനിധികൾ കർഷകരിൽ നിന്ന് നെല്ലിന്റെ കയറ്റുകൂലി ഈടാക്കരുതെന്ന് കാണിച്ച് ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു. വാദങ്ങൾ കേട്ടതിന് ശേഷം കർഷകർക്ക് ബാദ്ധ്യത വരാത്ത വിധമാകണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചതിനെ സർക്കാർതലത്തിൽ കർഷകരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല.

ഇത് കർഷകരോട് മാത്രമല്ല കോടതിയോടുള്ള അനാദരവാണെന്ന് യോഗം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് കെ.എ. പ്രഭാകരൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി മുതലാംതോട് മണി, സി.കെ. രാമദാസ്, ഡി. വിജയകുമാർ, എസ്. സുരേഷ്, എസ്. അധിരഥൻ, കെ.എ. വിജയരാഘവൻ എന്നിവർ സംസാരിച്ചു.