1

പാലക്കാട്: ഉത്സവ സീസൺ കണക്കിലെടുത്ത് ജില്ലയിൽ വിവിധ വാണിജ്യ ബാങ്കുകളുമായി ചേർന്ന് ക്രെഡിറ്റ് ഔട്ട് റീച്ച് പ്രോഗ്രാം സംഘിപ്പിക്കുമെന്ന് ജില്ലാ ലീഡ് ഡിവിഷണൽ മാനേജർ ആർ.പി. ശ്രീനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന ചടങ്ങ് 12ന് പാലക്കാട് ചന്ദ്രനഗർ പാർവതി ഓഡിറ്റോറിയത്തിൽ പാലക്കാട് കളക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രമുഖ പൊതുമേഖല സ്വകാര്യ ഗ്രാമീണ ബാങ്കുകളുടെ പങ്കാളിത്തതോടെ സംഘടിപ്പിക്കുന്ന ക്രെഡിറ്റ് ഔട്ട് റീച്ച് പ്രോഗ്രാമിൽ സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള പ്രാധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി, മുദ്ര, പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം വായ്പകൾ, വിദ്യാഭ്യാസ വായ്പ തുടങ്ങിയ വിവിധ വായ്പകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും വിതരണം ചെയ്യുകയും ചെയ്യും. വിവിധ വായ്പകൾ സംബന്ധിച്ച അന്വേഷണങ്ങൾക്കായി ഇടപാടുകാർക്ക് പ്രസ്തുത ദിവസം പ്രോഗ്രാമിൽ പങ്കെടുക്കാം. മേള വൈകീട്ട് നാലിന് സമാപിക്കും. വാർത്താസമ്മേളനത്തിൽ ഡിവിഷണൽ മാനേജർ എൻ.വിദ്യാസാഗർ, ജില്ലാ ബാങ്കേഴ്സ് സമിതി കൺവീനർ ഗോവിന്ദ് ഹരി നാരായണൻ എന്നിവർ പങ്കെടുത്തു.