literacy

അഗളി: അട്ടപ്പാടി ആദിവാസി സാക്ഷരതാ പദ്ധതിയുടെ മൂന്നാംഘട്ടം സാക്ഷരത പരീക്ഷയിൽ വിജയിച്ച പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ നവംബർ ആദ്യവാരം വിതരണം ചെയ്യും. മൂന്നാംഘട്ടത്തിൽ 171 ഊരുകളിൽ നിന്നായി 1746 പേരാണ് പരീക്ഷ എഴുതിയത്. ഒന്നാംഘട്ടത്തിൽ 1117 പേരെയും രണ്ടാംഘട്ടത്തിൽ 2553 പേരെയും സാക്ഷരരാക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ധാന്യം ഊരിൽ പരീക്ഷ എഴുതിയ 90 വയസ്സുള്ള കാളിഅമ്മ മുത്തശ്ശിയും ചേരമാൻ കണ്ടിയൂരിലെ 22 വയസ്സുള്ള ചിത്രയും ഉൾപ്പെടെ 1694 പേർ മൂന്നാംഘട്ടത്തിൽ വിജയിച്ചവരിൽ ഉൾപ്പെടും. മൂന്ന് ഘട്ടങ്ങളിലായി 5364 പേർ സാക്ഷരരായി. സർട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും പരിശോധനയ്ക്ക് സംസ്ഥാന സാക്ഷരതാ മിഷൻ ഫിനാൻസ് ഓഫീസർ അജിത് കുമാർ നേതൃത്വം നൽകി. അസിസ്റ്റന്റ് ഡയറക്ടർ എ. സന്ദീപ് ചന്ദ്രൻ, ജില്ലാ കോ- ഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ, അസി. കോ- ഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ, ബോബി അബ്രഹാം, വിമൽ, രാജീവ്, പി.സി.നീതു, പി.സി.സിനി, അനു എന്നിവർ പങ്കെടുത്തു.