പട്ടാമ്പി: തകർന്ന് തരിപ്പണമായ കാരക്കുത്ത് മാഞ്ഞാമ്പ്ര വിളത്തൂർ തിരുവേഗപ്പുറ റോഡിന് ശാപമോക്ഷം. പ്രധാനമന്ത്രി ഗ്രാമീണ സദക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതി പ്രകാരം കാരക്കുത്ത് മാഞ്ഞാമ്പ്ര വിളത്തൂർ തിരുവേഗപ്പുറ റോഡ് നവീകരണത്തിന് 4.54 കോടി രൂപ അനുവദിച്ചു. കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്ന ഹൈപവർ കമ്മിറ്റിയിലാണ് റോഡിന്റെ ടെൻഡർ നടപടികൾ ആരംഭിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഒരു വർഷം മുമ്പ് സംസ്ഥാനത്തു നിന്ന് കേന്ദ്രത്തിന് എം.പിമാർ സമർപ്പിച്ച പ്രൊപ്പോസലുകളിൽ ഒന്നാണിത്. ആറര കിലോമീറ്ററിലേറെ നീളമുള്ള റോഡ് മുതുതല തിരുവേഗപ്പുറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് വർഷങ്ങളായി റോഡ് തകർന്നു തരിപ്പണമായി കിടക്കുന്നത്. റോഡ് പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു.