weste
റോഡരികിലെ ചാലിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ.

ചെർപ്പുളശ്ശേരി: മുണ്ടൂർ ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ അടക്കാപുത്തൂരിനും കുളക്കാടിനും ഇടയിൽ ആളൊഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മാലിന്യ നിക്ഷേപം രൂക്ഷം. വെള്ളിനേഴി പഞ്ചായത്ത് ഓഫീസിനും, അടയ്ക്കാപുത്തൂർ സെന്ററിനും ഇടയിലുള്ള പ്രദേശത്താണ് വൻതോതിൽ മാലിന്യം തള്ളുന്നത്.

കഴിഞ്ഞ ദിവസം ലോഡ് കണക്കിന് കക്കൂസ് മാലിന്യമാണ് പ്രദേശത്ത് തള്ളിയത്. രാത്രിയിൽ വലിയ വാഹനങ്ങളിൽ കൊണ്ടുവന്നാണ് പാതയ്ക്കരികിലെ ചാലിൽ മാലിന്യം തള്ളുന്നത്. അസഹനീയമായ ദുർഗന്ധവും പ്രദേശത്ത് വമിക്കുന്നുണ്ട്. ഹോട്ടൽ അവശിഷ്ടങ്ങൾ, മാംസാവശിഷ്ടങ്ങൾ, ബാർബർ ഷോപ്പിൽ നിന്നുള്ള മാലിന്യം എന്നിവയും ചാക്കിൽ കെട്ടി വഴിയരികിൽ തള്ളുന്നുണ്ട്. കാൽനടയാത്രക്കാരും, ഇരുചക്രവാഹനങ്ങളിൽ പോകുന്നവരുമാണ് ഇതുമൂലം ഏറെ പ്രയാസം അനുഭവിക്കുന്നു.

തെരുവുനായ ശല്യം രൂക്ഷം

തെരുവ് നായശല്യവും പ്രദേശത്ത് രൂക്ഷമാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കൾ വാഹനങ്ങൾക്കും അപകട ഭീഷണിയാകുന്നുണ്ട്. പക്ഷിമൃഗാദികൾ മാലിന്യം കൊത്തിവലിച്ച് സമീപത്തെ ജലാശയങ്ങളിലും മറ്റും കൊണ്ടുവന്ന് ഇടുന്നതായും പ്രദേശവാസികൾ പരാതിപ്പെടുന്നു. ഈ ഭാഗങ്ങളിൽ റോഡരികിലെ തെരുവു വിളക്കുകളും നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ മാലിന്യ നിക്ഷേപം തടയാൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.