കൊല്ലങ്കോട്: വടവന്നൂർ പഞ്ചായത്തിൽ ഐ.സി.ഡി.എസിന്റെ അങ്കണവാടികളുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ചിത്രപ്രദർശന മേളമൊരുക്കി. ഗാന്ധിജയന്തി ദിനം മുതൽ അങ്കണവാടികളുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നതി ന്റെ ഭാഗമായാണ് ഭക്ഷ്യ ചിത്രപ്രദർശന മേളം ഒരുക്കിയത്. അങ്കണവാടി ഗുണഭോക്താക്കളായ മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ, കൗമാരപ്രായക്കാർ, കുട്ടികൾ എന്നിവർക്ക് നൽകുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചാണ് ഭക്ഷ്യ മേളയ്ക്ക് വിഭവങ്ങൾ ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഒരു മാസം നീളുന്ന പരിപാടികളിൽ ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസർ പി. പ്രമീള പറഞ്ഞു.