പട്ടാമ്പി: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയിൽ നടത്തിയ പരിശോധനയിൽ പട്ടാമ്പി ടൗണിൽ മാലിന്യം നിക്ഷേപിക്കാനെത്തിയ ഏഴ് ബൈക്കുകളും ഒരു കാറും പിടികൂടി. ഇതിൽ സമീപ പഞ്ചായത്തുകളിൽ നിന്നുള്ള ആളുകളും വാഹനങ്ങളും ഉൾപ്പെടും.
രാത്രി ഒമ്പതിന് തുടങ്ങി പുലർച്ചെയോടെയാണ് നൈറ്റ് സ്‌ക്വാഡിന്റെ പരിശോധന അവസാനിച്ചത്.
നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ സത്താർ, ജെ.എച്ച്.ഐമാരായ കിരൺ, ഷംസീർ, റാഷിദ്, മഹിമ, സംഗീത, ഒ.എ. ശ്യാം എന്നിവരടങ്ങിയ സംഘമാണ് നൈറ്റ് സ്‌ക്വാഡിന് നേതൃത്വം നൽകിയത്. പൊതുനിരത്തിൽ മാലിന്യം തള്ളിയവർക്ക് നിയമാനുസൃതമായ പിഴ ചുമത്തി ഇനി മേലിൽ ആവർത്തിക്കില്ലെന്ന ഉറപ്പിന്മേലാണ് വാഹനങ്ങൾ വിട്ടു നൽകിയത്.
പട്ടാമ്പിയെ മാലിന്യ മുക്തമാക്കുന്നതിനാവശ്യമായ ഊർജ്ജിതമായ പ്രവർത്തനങ്ങളുമായാണ് നഗരസഭ മുമ്പോട്ട് പോകുന്നതെന്നും, പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ തന്നെ സ്വീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി എന്നിവർ അറിയിച്ചു.
വരും ദിവസങ്ങളിലും ഓപറേഷൻ ക്ലീൻ പട്ടാമ്പിയുടെ ഭാഗമായി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ ഉണ്ടാകുമെന്നും ഇവർ അറിയിച്ചു.