ഒന്നാംഡോസ് സ്വീകരിച്ചത് - 15,263 പേർ
രണ്ടാംഡോസ് സ്വീകരിച്ച് - 877 പേർ
പാലക്കാട്: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ വാക്സിനേഷൻ 80 ശതമാനം പൂർത്തിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലാ ലേബർ വകുപ്പിന്റെ കണക്കനുസരിച്ച് 9,897 അന്യ സംസ്ഥാന തൊഴിലാളികളാണ് കഞ്ചിക്കോട് ഉൾപ്പെടെ ജില്ലയിലെ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്നത്. ഇതിൽ 15,263 പേരിൽ ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി. 877 പേർ രണ്ടാംഡോസ് വാക്സിനും സ്വീകരിച്ചു. 18നും 44നും ഇടയിൽ പ്രായമുള്ള 13,373 പേർ ഒന്നാംഡോസും 474 പേർ രണ്ടാംഡോസും സ്വീകരിച്ചു. 45 വയസിന് മുകളിൽ പ്രായമുള്ള 956 പേർ ഒന്നാം ഡോസും 189 പേർ രണ്ടാംഡോസും സ്വീകരിച്ചതായി അധികൃതർ പറഞ്ഞു.
മണ്ണാർക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, എടത്തുനാട്ടുകര, വല്ലപ്പുഴ, ഞാങ്ങാട്ടിരി, തൃത്താല, കഞ്ചിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് നടത്തിയാണ് ഇത്രയും പേർക്ക് വാക്സിൻ നൽകിയത്.
എല്ലാ തൊഴിലാളികൾക്കും രണ്ട് ഡോസ് വാക്സിനും നൽകാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. വരുംദിവസങ്ങളിലായി ജില്ലയിലെ പഞ്ചായത്തുകൾ മുഖേന വാക്സിൻ സ്വീകരിക്കാത്ത അതിഥിതൊഴിലാളികളെ കണ്ടെത്തി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലൂടെ വാക്സിൻ നൽകും.
കെ.എം.സുനിൽ കുമാർ,
ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ് മെന്റ്), പാലക്കാട്