school-bus

പാലക്കാട്: സംസ്ഥാനത്ത് വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായി സ്‌കൂൾ ബസുകളുടെ പ്രവർത്തനം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് മാർഗ നിർദ്ദേശം പുറത്തിറക്കി. ഡ്രൈവർമാർ, അറ്റൻഡർമാർ, സുരക്ഷാ ഉദ്യോഗസ്ഥരായി നിയോഗിച്ച അദ്ധ്യാപകർ, സ്‌കൂളിൽ കുട്ടികളെ കൊണ്ടുവരുന്ന മറ്റ് വാഹന ഡ്രൈവമാർ എന്നിവർക്ക് മോട്ടോർ വാഹന വകുപ്പ് ഓൺലൈനിൽ പരിശീലനം നൽകും. വാഹന പരിശോധന ഒക്ടോബർ 20ന് പൂർത്തിയാക്കും. നിലവിൽ ഇരുപതോളം വാഹനങ്ങളുടെ പരിശോധന പൂർത്തിയായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച് വാഹനങ്ങളുടെ യന്ത്രക്ഷമത പരിശോധിക്കും. സ്‌കൂളുകളുടെയും വിവിധ ക്ലാസുകളുടെയും പ്രവർത്തന സമയം വ്യത്യാസമായതിനാൽ ഒന്നിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളെ ഒരു വാഹനത്തിൽ കൊണ്ടുവരാൻ അനുവദിക്കുമെന്ന് പാലക്കാട് ആർ.ടി.ഒ എൻ.തങ്കരാജ് അറിയിച്ചു. ഇതിന് പെർമിറ്റ് വ്യവസ്ഥയിൽ താത്കാലിക ഇളവ് അനുവദിക്കും.


 നിർദ്ദേശങ്ങൾ
1. പനി, ചുമ, ഛർദി, തുമ്മൽ എന്നിവയുള്ളവർ യാത്ര ചെയ്യരുത്
2. ജീവനക്കാർ കുട്ടികളുടെ ശരീരതാപനില പരിശോധിച്ച് കൈകൾ സാനിറ്റൈസ് ചെയ്തശേഷം മാത്രം ബസിൽ കയറ്റുക
3. ഒരു സീറ്റ് ഒരു കുട്ടിക്ക് മാത്രമായി നിജപ്പെടുത്തണം
4. നിന്ന് യാത്ര അനുവദിക്കില്ല
5. എല്ലാവർക്കും എൻ 95, രണ്ട് മാസ്‌ക് നിർബന്ധം
6. വാഹനത്തിന്റെ ഷട്ടറുകൾ തുറന്നിടണം
7. എ.സി പാടില്ല
8. യാത്ര അവസാനിച്ചാൽ വാഹനം അണുവിമുക്തമാക്കണം.
9. നിർദ്ദേശങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രിന്റ് ചെയ്തു നൽകുകയും, വാഹനങ്ങളിലും സ്‌കൂൾ പരിസരത്തും പ്രദർശിപ്പിക്കുകയും വേണം