paddy

 നാശനഷ്ടം 457 ലക്ഷം

പാലക്കാട്: ഒന്നാംവിളയുടെ കൊയ്ത്ത് സമയത്ത് മഴ തുടരുന്നത് കർഷകരെ ഏറെ ദുരിതത്തിലാക്കുന്നു. ഒരാഴ്ചയ്ക്കിടെ ജില്ലയിൽ പെയ്ത കനത്ത മഴ കാരണം 304 ഹെക്ടർ നെൽകൃഷിയാണ് വെള്ളം കയറി നശിച്ചത്. 457 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായാതായി കൃഷിവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പി.എ.ഷീന പറഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 972 കർഷകരുടെ വിളകളാണ് നശിച്ചത്. ആലത്തൂർ, കുഴൽമന്ദം, ചിറ്റൂർ, കൊല്ലങ്കോട്, കുത്തനൂർ, തേങ്കുറുശ്ശി, നെന്മാറ എന്നീ മേഖലകളിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്. കുഴൽമന്ദത്ത് 39 ഹെക്ടറും നെന്മാറയിൽ 38 ഹെക്ടർ നൽകൃഷിയും നശിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കൊയ്ത്തു ആരംഭിച്ചതു മുതൽ മഴ തുടങ്ങിയതോടെ കർഷകർക്ക് കൊയ്‌തെടുത്ത നെല്ല് ഉണക്കാനും സൂക്ഷിക്കാനും കഴിയാതെ ഏറെ ദുരിതത്തിലാണ് കർഷകർ. നെല്ലിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ സംഭരണവും പ്രതിസന്ധിയിലാണ്. കടമെടുത്തും പാട്ടത്തിനെടുത്തും കൃഷി ഇറക്കിയവരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. വീണുപോയ നെൽച്ചെടികൾ യന്ത്രം ഉപയോഗിച്ച് കൊയ്‌തെടുക്കാൻ സാധിക്കാത്തതിനാൽ മിക്ക പാടശേഖരങ്ങളിലെയും നെല്ല് മുളച്ച അവസ്ഥയാണ്. തൊഴിലാളികളെ ഉപയോഗിച്ച് ഇവ കൊയ്‌തെടുക്കാൻ ഏറെ നഷ്ടമാണ് ഉണ്ടാകുകയെന്നാണ് കർഷകർ പറയുന്നത്. വരും ദിവസങ്ങളിലും മഴ തുടർന്നാൽ എന്തു ചെയ്യുമെന്ന് അറിയാതെ ആശങ്കയിലാണ് കർഷകർ.