പാലക്കാട്: ലഹരിവസ്‌തു പിടികൂടാനുള്ള പരിശോധനയ്‌ക്കിടെ മലമ്പുഴ വാളയാർ മേഖലയിലെ വനത്തിൽ കുടുങ്ങിയ പൊലീസ് സംഘം 11 മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ ഇന്നലെ വൈകിട്ട് തിരിച്ചെത്തി. മലമ്പുഴ ഉൾവനത്തിന് സമീപം കഞ്ചാവ് കൃഷിയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ചയാണ് 14 അംഗ സംഘം പരിശോധനയ്‌ക്കിറങ്ങിയത്.
മണിക്കൂറുകൾ നീണ്ട പരിശോധനയിൽ കഞ്ചാവു കൃഷിയുടെ സൂചനകളും കണ്ടെത്തി. എന്നാൽ ഉൾവനത്തിലെ കൂടുതൽ ഉയരത്തിലേക്ക് കയറുന്നതിനിടെ മഴ ശക്തമായി. തുടർന്ന് വൈകിട്ടോടെ തിരിച്ചിറങ്ങിയെങ്കിലും വഴി തെറ്റി.
പരിശോധനക സംഘത്തെ കാണാതായതോടെ ഉദ്യോഗസ്ഥർ മൊബൈലിൽ ബന്ധപ്പെട്ടെങ്കിലും റേഞ്ചില്ലാത്തതിനാൽ സാധിച്ചില്ല. ഇതോടെ ആദിവാസികളെ വനത്തിലയച്ച് തെരച്ചിൽ തുടർന്നു. വനംവകുപ്പിന്റെ സഹായവും ലഭ്യമാക്കി. അതിനിടെ പൊലീസ് സംഘം വെള്ളിയാഴ്ച മടക്കയാത്ര ആരംഭിച്ചു. പാലക്കാട് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസൻ, മലമ്പുഴ സി.ഐ സുനിൽകൃഷ്ണൻ, വാളയാർ എസ്.ഐ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ, നാല് തണ്ടർബോൾട്ട് അംഗങ്ങൾ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.