construction

പാലക്കാട്: സംസ്ഥാനത്ത് സിമന്റ്‌ വില കുതിച്ചുയരുന്നു. നാലു‌ ദിവസത്തിനിടെ ചാക്കൊന്നിന്‌ 125 രൂപ വർദ്ധിച്ച്‌ 525 രൂപയായി. കമ്പി, മെറ്റൽ തുടങ്ങിയ അസംസ്‌കൃത വസ്തുക്കൾക്കു‌ പിന്നാലെയാണ്‌ സിമന്റ്‌ വിലയും ഉയർന്നത്‌. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഇന്ധന വിലക്കയറ്റവുമാണ്‌ വില വർധിപ്പിക്കാൻ കമ്പനികൾ നൽകുന്ന വിശദീകരണം. കൊവിഡ് തീർത്ത പ്രതിസന്ധിക്ക് ശേഷം ഉണർവ് പ്രതീക്ഷിച്ച നിർമാണ മേഖലക്ക് വെല്ലുവിളിയായിരിക്കുകയാണ് ഈ വിലക്കയറ്റം. തൊഴിലാളി ക്ഷാമത്തിനൊപ്പം ഉൽപന്നങ്ങളുടെ വില കുത്തനെ ഉയരുക കൂടി ചെയ്തതോടെ അനിശ്ചിതത്വത്തിലായത് കരാറുകാരടക്കമുള്ളവരാണ്. നിശ്ചയിച്ചുറപ്പിച്ച തിയതിക്കകം പണിതീർക്കണമെങ്കിൽ പലരും പോക്കറ്റിൽനിന്ന് പണമിറക്കേണ്ട സ്ഥിതിയിലാണ്. ലോണെടുത്തടക്കം വീടുവെക്കാനിറങ്ങിയ സാധാരണക്കാർക്കും വിലക്കയറ്റം ഇരുട്ടടിയാവുകയാണ്.

 സിമന്റ് പൊള്ളും

ഈ വർഷം തുടക്കത്തിൽ 50 കിലോയുള്ള ഒരു ചാക്ക് സിമന്റിന് 380 രൂപയായിരുന്നു ചില്ലറ വില. ഫെബ്രുവരി അവസാനം മുതൽ കമ്പനികൾ ഘട്ടംഘട്ടമായി വില കൂട്ടിവന്നിരുന്നു. തുടർന്ന് മാസങ്ങളോളം 400 രൂപയായിരുന്നു‌ വില. കഴിഞ്ഞ ശനിയാഴ്‌ച മുതലാണ്‌ വില വീണ്ടും വർദ്ധിച്ചുതുടങ്ങിയത്.

വിതരണക്കാർക്ക്‌ ലഭിച്ചിരുന്ന ഇളവുകൾ കുറച്ചുനൽകിയതിനാലാണ്‌ വിലക്കയറ്റം വിപണിയിൽ അനുഭവപ്പെടാതിരുന്നത്‌. നിലവിലെ സ്റ്റോക്ക് പഴയ വിലയ്ക്ക് വിൽക്കുമെങ്കിലും വരുംദിവസങ്ങളിൽ വിലവർദ്ധനവ് വിപണിയിൽ പ്രതിഫലിക്കും. സ്വകാര്യ കമ്പനികൾ വില കൂട്ടുമ്പോൾ പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സും വില ഉയർത്താൻ നിർബന്ധിതരാകും. നിലവിൽ 400 രൂപയാണ്‌ മലബാർ സിമന്റ്‌സിന്റെ വില.

 മാർക്കറ്റ് അടക്കിവാഴുന്നത് തമിഴ്നാട് ലോബി

കേരളത്തിലെ കൺസ്ട്രക്ഷൻ മേഖലയിൽ 90% വിറ്റഴിക്കുന്നത് തമിഴ്നാട്ടിൽ നിന്നുമുള്ള എ, ബി കാറ്റഗറി സിമന്റാണ്. ബാക്കി ആന്ധ്രയിൽ നിന്നെത്തുന്നവയും. സിമന്റ് വില നിർണയിക്കുന്ന സിമൻറ് മാനുഫാക്ച്ചേഴ്സ് അസ്സോസിയേഷനാണ് കേരളത്തിൽ മാത്രം വില വർദ്ധിപ്പിച്ചത്. സി.എം.എ മൂന്ന് മാസങ്ങൾക്കിടെ സിമന്റ് വില വർദ്ധിപ്പിക്കാറുണ്ടെന്ന് വിൽപനക്കാർ ആരോപിക്കുന്നു. നിരവധി വെല്ലുവിളികൾ നേരിടുന്ന കൺസ്ട്രക്ഷൻ മേഖലയിൽ ഗുരുതര പ്രത്യാഘാത മുണ്ടാക്കുന്നതാണ് ഈ വിലക്കയറ്റം.

 അടിയന്തര ഇടപെടൽ വേണം

വിപണിയിലെ വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ലെൻസ്‌ഫെഡ് അടക്കമുള്ള സംഘടനകളുടെ ആവശ്യം. നിലവിൽ പ്രതിസന്ധിയിലായ നിർമ്മാണ മേഖലയെ കരകയറ്റാൻ അതേ മാർഗമുള്ളൂവെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. പല കെട്ടിടങ്ങളും നിശ്ചിത ബഡ്ജറ്റിൽ പൂർത്തിയാക്കാനാണ് ഉടമസ്ഥർ നിർമാതാക്കൾക്ക് കരാർ കൊടുത്തിരിക്കുന്നത്. എന്നാൽ, കുതിച്ചുയരുന്ന വിലയ്‌ക്കൊപ്പം ചെലവും വർദ്ധിച്ചതോടെ സാമ്പത്തിക ദുരിതത്തിലായ പലരും നിർമ്മാണം നിറുത്തിവച്ചിരിക്കുകയാണ്. ഏറ്റെടുത്ത പണികൾ പൂർത്തിയാക്കാൻ സാവകാശം തേടി കരാറുകാർ ഉടമകളെ സമീപിക്കുകയാണ്. ലോക്ഡൗണിന് ശേഷം അന്തർ സംസ്ഥാന തൊഴിലാളികളടക്കമുള്ളവർ തിരിച്ചെത്തിയാൽ മാത്രമാണ് മേഖലയിൽ ഉണർവുണ്ടാവുകയുള്ളൂ.