മണ്ണാർക്കാട്: പ്രളയത്തിൽ ഭവനങ്ങൾ നഷ്ടപ്പെട്ട കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ വെള്ളത്തോട്, പാമ്പൻതോട് പട്ടികവർഗ കോളനിക്കാർക്ക് വീടൊരുങ്ങുന്നു. റീബിൽഡ് പദ്ധതിയിലുൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുന്നതിന് ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.ആകെ 92 വീടുകളാണ് കോളനിയിൽ നിർമ്മിക്കുന്നത്. 10 ലക്ഷം രൂപയിൽ 10 സെന്റ് സ്ഥലം വാങ്ങുന്നതിനും നാല് ലക്ഷം 410 സ്‌ക്വയർ ഫീറ്റ് വീട് നിർമ്മിക്കുന്നതിനും ആണ് അനുവദിച്ചിട്ടുള്ളത്. പരാതിയില്ലാതെ പദ്ധതി പൂർത്തീകരിക്കുമെന്ന് വീടിന്റെ തറക്കല്ലിടൽ നടത്തിയതിനുശേഷം കെ.ശാന്തകുമാരി എംഎൽഎ പറഞ്ഞു. 12 മീറ്റർ വീതിയിൽ റോഡ്, കമ്മ്യൂണിറ്റി ഹാൾ, അംഗൻവാടി തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈടെക് ഗ്രാമമാണ് ഉദ്ദേശിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
നിർമ്മിതിയാണ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻമാരായ പ്രദീപ്, മിനിമോൾ ജോൺ, വാർഡ് അംഗങ്ങളായ പ്രതീഷ്, ഉഷാദേവി, രവി അടിയത്ത്, ഷിബി കുര്യൻ, രാജൻ, ഷാജഹാൻ, മുഹമ്മദലി, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ എം മല്ലിക തുടങ്ങിയവർ സംസാരിച്ചു.