പാലക്കാട്: മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കലിനുള്ള സാങ്കേതിക തടസങ്ങൾ പരിഹരിച്ചു. നിർമാണ ചുമതലയുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് അറിയിച്ചു.
സ്ഥലമെടുപ്പും ടെൻഡർ നടപടികളും നേരത്തേ പൂർത്തിയാക്കിയതാണ്. എന്നാൽ, രൂപകൽപന, വിശദ പദ്ധതിരേഖ തയ്യാറാക്കൽ, നിർമാണം ഏറ്റെടുക്കൽ (എൻജിനീയറിങ്, പ്രൊക്യുയർമെന്റ് ആൻഡ് കൺസ്ട്രക്ഷൻഇ.പി.സി) എന്നിങ്ങനെ ടെൻഡർ നടപടികളിൽ വ്യക്തത വരുത്തണമെന്ന കിഫ്ബി നിർദ്ദേശത്തെ തുടർന്ന് കരാർ നടപടികൾ വൈകുകയായിരുന്നു. ഇത്തരത്തിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിനെ തുടർന്നാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ അനുമതി നൽകി ഉത്തരവിറക്കിയത്. കിഫ്ബിയിൽ നിന്നുള്ള 262.1 കോടി രൂപ ഉപയോഗിച്ചാണ് കനാൽ ദീർഘിപ്പിക്കുന്നത്.
ഒന്നാംഘട്ടം വരട്ടയാർ വരെ
നവീകരിച്ച മൂലത്തറ റെഗുലേറ്ററിന്റെ വലതു കരയിൽ കോരയാർ വരെ നിലവിലുള്ള കനാലാണ് വരട്ടയാർ വരെ ഒന്നാംഘട്ടമായി ദീർഘിപ്പിക്കുക. ഇതിലൂടെ പാലക്കാട് ജില്ലയിലെ മഴനിഴൽ പ്രദേശങ്ങളിലെ ജലക്ഷാമത്തിന് പരിഹാരമാകും. സ്ഥലം വിട്ടുകിട്ടാനുണ്ടായ കാലതാമസവും മൂന്നു തവണ അലൈൻമെന്റ് മാറ്റേണ്ടി വന്നതുമാണ് ആദ്യം പദ്ധതി വൈകിച്ചത്. കനാൽ ദീർഘിപ്പിക്കലിനായി 6.47 ഹെക്ടർ സ്ഥലമാണ് 12.6 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്തത്.
ലക്ഷ്യം സുസ്ഥിര ജലസേചനം
ഇ.പി.സി മാതൃകയിലാണ് കനാൽ ദീർഘിപ്പിക്കൽ ജോലികൾക്ക് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 3575 ഹെക്ടർ ഭൂമിയിൽ സുസ്ഥിര ജലസേചനമാണ് പദ്ധതിയുടെ ലക്ഷ്യം. 6.43 കിലോമീറ്റർ ദൂരത്തിൽ കനാൽ നിർമ്മിച്ച് 2.8 മീറ്റർ വ്യാസമുള്ള പൈപ്പിലൂടെയാണ് ജലം എത്തിക്കുക. 660 മീറ്റർ ദൂരം ടണലുണ്ടാകും. കനാലിന്റെ അവസാന ഭാഗത്ത് ഉൾപ്പെടെ മൂന്നിടത്തുനിന്ന് അധികജലം സ്വാഭാവിക ജലസ്രോതസുകളിലേക്ക് തുറന്നുവിടും. നിലവിലുള്ള വലതുകര കനാലും നവീകരിക്കും. വരട്ടയാർ മുതൽ വേലന്താവളം വരെയുള്ള പദ്ധതിയുടെ രണ്ടാംഘട്ടം ദീർഘിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കൽ ജോലികളും വൈകാതെ ആരംഭിക്കും. ഇതിനായി സംസ്ഥാന ബജറ്റിൽ 12 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.