pkd-moyans
പാലക്കാട് ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിലെ നിർമ്മാണം പുരോഗമിക്കുന്ന കാൽനട മേൽപ്പാലം.

പാലക്കാട്: നീണ്ട കാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിലെ കാൽനട മേൽപ്പാലം നിർമ്മാണം അന്തിമഘട്ടത്തിൽ. കഴിഞ്ഞ ദിവസം രാവിലെ റോഡിനു കുറുകെയുള്ള പാലത്തിന്റ ഇരുമ്പുകൂട് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി. നഗരസഭാ ചെയർപേഴ്സൺ കെ. പ്രിയ അജയൻ സ്ഥലത്തെത്തി പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി.

സ്ലാബുകളും ചവിട്ടുപടികളും സ്ഥാപിക്കുന്ന പ്രവൃത്തികളാണ് പൂർത്തീകരിക്കാനുള്ളത്. രണ്ടുവർഷത്തോളമായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതി വിവിധ കേന്ദ്രങ്ങളിൽ നിന്ന് വിമർശനം ക്ഷണിച്ച് വരുത്തിയിരുന്നു.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കാൽനട മേൽപ്പാലത്തിനായി എത്തിച്ച ഇരുമ്പുപാളികൾ അടക്കമുള്ളവ സ്‌കൂളിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് നവീകരണത്തിനായി ഇവ നീക്കാൻ നടപടി ആവശ്യപ്പെട്ട് സ്‌കൂൾ അധികൃതർ നഗരസഭയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

2020ൽ ആരംഭിച്ച പദ്ധതി പാതിവഴിയിൽ മുടങ്ങിയതോടെ നിർമ്മാണ സാമഗ്രികൾ സ്‌കൂൾ വളപ്പിൽ കൂട്ടിയിട്ടതിനെ തുടർന്ന് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങളും സ്‌കൂൾ വളപ്പിൽ നിറുത്താകാകാത്ത സ്ഥിതിയായിരുന്നു.

സ്‌കൂൾ തുറക്കുന്ന നവംബർ ഒന്നിന് മുമ്പേ നിർമ്മാണം പൂർത്തീകരിച്ച് തുറന്നു കൊടുക്കും. ഇതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ സൗകര്യപ്രദമാകും.

- കെ. പ്രിയ അജയൻ, നഗരസഭാ ചെയർപേഴ്സൺ