1

പാലക്കാട്: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താനുള്ള വനംവകുപ്പിന്റെ നടപടികളിൽ കർഷകർക്ക് ആശ്വാസം. ജില്ലയിൽ കൃഷിനശിപ്പിച്ച 152 കാട്ടുപന്നികളെയാണ് വനംവകുപ്പ് വെടിവച്ചു കൊന്നത്. പ്രവർത്തനം ആരംഭിച്ച ആഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ ഒമ്പതു വരെയുള്ള കണക്കു പ്രകാരമാണിത്. വരും ദിവസങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമായ സ്ഥലങ്ങളിൽ കോടതി ഉത്തരവ് നടപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു.

കാടിന് രണ്ട് കിലോമീറ്ററിന് പുറത്തെത്തി ജനങ്ങളുടെ കൃഷിയും മറ്റ് വസ്തുക്കളും നശിപ്പിക്കുന്ന പന്നികളെ കൊല്ലാമെന്നാണ് കോടതി ഉത്തരവ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ഇതിന് അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മലയോര മേഖലകളിൽ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാണ്. കാട്ടുപന്നികളുടെ ആക്രമണത്തിൽ ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് കർഷകർ പന്നികളെ കൊല്ലാൻ അനുമതി തരണമെന്ന ആവശ്യം ഉന്നയിച്ചത്.

ജില്ലയിൽ ഒറ്റപ്പാലം, മുണ്ടൂർ മേഖലയിലാണ് കാട്ടുപന്നികളുടെ ശല്യം കൂടുതൽ. കൂടാതെ ഒലവക്കോട്, കണ്ണാടി, മണ്ണൂർ തുടങ്ങിയ പ്രദേശങ്ങളിലും പന്നിശല്യം ഉള്ളതായി വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പന്നികളെ കൊല്ലുന്നത്. ഇതിന്റെ ഭാഗമായി ഓരോ വനം ഡിവിഷനിലും വെടിവയ്ക്കാൻ തോക്കും ലൈസൻസുമുള്ള വേട്ടക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വെടിവച്ചുകൊന്ന പന്നികളെ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നാണ് കോടതി നിർദ്ദേശം. വനാതിർത്തിയിൽ ആഴത്തിൽ കുഴിയെടുത്ത് കുഴിച്ചിടണം. വേഗത്തിൽ മണ്ണുമായി ഇഴുകി ചേരുന്നതിനായി മണ്ണെണ്ണയും ഒഴിക്കും. സംസ്‌കരിക്കുമ്പോൾ വനംവകുപ്പ് അധികൃതരുടെ സാന്നിദ്ധ്യം നിർബന്ധമാണ്.

കാട്ടുപന്നികളെ കൊല്ലാൻ വനംവകുപ്പിനെ സഹായിക്കുന്നത് പാലക്കാട് റൈഫിൾ ക്ലബ്ബാണ്. ഇവിടെയുള്ള പരിശീലനം ലഭിച്ച ഷൂട്ടർമാരെ വനംവകുപ്പ് തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പന്നിയെ കൊല്ലാൻ ഇവർക്ക് 1000 രൂപ നൽകും. വനംവകുപ്പിന്റെ പട്ടികയിലുള്ള ഷൂട്ടർമാർക്ക് മാത്രമാണ് വെടിവയ്ക്കാൻ അനുമതി. ലൈസൻസുള്ള കർഷകർക്കും പന്നികളെ വെടിവയ്ക്കാം. എന്നാൽ, കർഷകർക്ക് ആവശ്യത്തിന് തിരകൾ ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധി.

പാലക്കാട് 152 ഉം മലപ്പുറത്ത് 155 ഉം ഉൾപ്പെടെ ഈ കാലയളവിൽ ആകെ 307 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. കൃഷിയിടത്തിലോ നാട്ടിലോ ഇറങ്ങുന്ന കാട്ടുപന്നികളെ മാത്രമാണ് കൊല്ലാൻ അനുമതിയുള്ളത്. കാട്ടിൽ കയറി പന്നികളെ കൊല്ലുന്നത് ശിക്ഷാർഹമാണ്.

- കെ. വിജയ് ആനന്ദൻ, ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്, പാലക്കാട്.