പാലക്കാട്: നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളും രംഗത്ത്. പഞ്ചായത്ത്, നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ സ്‌കൂളുകൾ വൃത്തിയാക്കി അണുവിമുക്തമാക്കും. കുട്ടികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കും.
സർക്കാർ, എയ്ഡഡ് സ്‌കൂളിലെ ഒരുക്കം വരുംദിവസങ്ങളിൽ തദ്ദേശസ്ഥാപനം വിലയിരുത്തും. ഇതിന് സ്‌കൂളിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിലും കർമ്മ സമിതി രൂപീകരിക്കും. കൂടാതെ ശുചീകരണത്തിന് ഹരിത കർമ്മസേന, പി.ടി.എ എന്നിവയുടെ സഹായവും തേടും. അദ്ധ്യാപക സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ശുചീകരണത്തിനുണ്ട്. ഇതോടൊപ്പം
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കിയിട്ടുണ്ട്.
നിർമ്മാണം നടക്കുന്ന സ്‌കൂളിൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ക്രമീകരണം ഏർപ്പെടുത്തും. സ്‌കൂൾ സമയം കഴിഞ്ഞ് പണി നടത്താനും നിർദ്ദേശമുണ്ട്. കൊവിഡ് ചികിത്സാകേന്ദ്രം സ്‌കൂളിൽനിന്ന് മാറ്റി. സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന 16ന് മുമ്പ് വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കും. ബലക്ഷയം ഉണ്ടെങ്കിൽ പകരം കെട്ടിടം കണ്ടെത്തണം.