പാലക്കാട്: കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷിച്ചിരുന്നയാളെ കയത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരട്ടക്കുളം നെയ്തല ഏറാട്ട് വീട്ടിൽ ശങ്കരന്റെ (78) മൃതദേഹമാണ് കൊടുമ്പ് ഓലശേരി പാലത്തിന് സമീപം കണ്ടെത്തിയത്. വിവരം അറിഞ്ഞ് ടൗൺ സൗത്ത് പൊലീസ് എത്തിയെങ്കിലും മൃതദേഹം കരയ്‌ക്കെത്തിക്കാനായില്ല. തുടർന്ന് പാലക്കാട് അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കസബ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം വയോധികനെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിൽ രണ്ടും ഒരാളാണെന്ന് തിരിച്ചറിഞ്ഞതോടെ സൗത്ത് പൊലീസ് കേസ് കസബ പൊലീസിനു കൈമാറി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.