ctr
കാളിദാസ് പുതുമന രചിച്ച നാടക പഞ്ചകം എന്ന നാടകസമാഹാരം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രകാശനം ചെയ്യുന്നു.

ചിറ്റൂർ: രാജ്യത്ത് സാമ്പത്തിക അസമത്വം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ താഴെ തട്ടിലുള്ള കർഷകർക്കും തൊഴിലാളികൾക്കുമായി നിലകൊള്ളേണ്ടവരാണ് കലാകാരന്മാരെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. കാളിദാസ് പുതുമന രചിച്ച നാടക പഞ്ചകം എന്ന നാടകസമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ സമാഹാരത്തിലെ വിത്തും കൈക്കോട്ടും പാണപ്പട തുടങ്ങി ഓരോ നാടകങ്ങളും ഇത്തരത്തിൽ നമ്മുടെ നാട്ടിലെ ഏറ്റവും സാധാരണക്കാരായ ആളുകളുടെ കഥകളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചിറ്റൂർ തുഞ്ചൻ ഗുരുമഠത്തിൽ നടന്ന ചടങ്ങിൽ ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ കെ.എൽ. കവിത പുസ്തകം ഏറ്റുവാങ്ങി.

ഡോ. പി.ആർ. ജയശീലൻ നാടകസമാഹാരത്തെ പരിചയപ്പെടുത്തി. സി.എസ്.ശ്രീവത്സൻ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ നരേന്ദ്രൻ മാസ്റ്റർ, എം.എസ്. രഘു, എന്നിവർ സംസാരിച്ചു. കെ.ആർ. ഇന്ദു കവിത അവതരിപ്പിച്ചു. സി.എസ്. മധുസൂദനൻ സ്വാഗതം പറഞ്ഞ യോഗം കാളിദാസ് പുതുമനയുടെ മറുപടി പ്രസംഗത്തിനുശേഷം സി. രൂപേഷ് നന്ദി പറഞ്ഞതോടെ സമാപിച്ചു.