ശ്രീകൃഷ്ണപുരം: പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ രാഗം കോർണറിലുള്ള പുളിഞ്ചിറക്കുളത്തിലേക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മുളങ്കൂട്ടവും, പനയും വീണ് ഉപയോഗശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അധികൃതർ നടപടിയെടുക്കുന്നിലെന്ന് പരാതി.
കുളത്തിലേക്കിറങ്ങുന്ന വഴിയിലാണ് മരങ്ങൾ വീണുകിടക്കുന്നത്. കുളത്തിന് അരികിലൂടെ പോകുന്ന മണിയാണി മഹാകാളിയമ്മ ക്ഷേത്രത്തിലേക്കും ശ്രീകൃഷ്ണപുരം ആശുപത്രിപ്പടി റോഡിലേക്കും എത്തിച്ചേരാൻ പൊതുജനങ്ങൾ ഉപയോഗിക്കുന്ന വഴിയിലാണ് മുളങ്കൂട്ടവും മരങ്ങളും വീണ് മാസങ്ങൾ കഴിഞ്ഞിട്ടും മാറ്റാതെ ഇട്ടിരിക്കുന്നത്.
പ്രദേശവാസികൾ വേനൽക്കാലത്തും മഴക്കാലത്തും കുളിക്കുന്നതിനും മറ്റും ഒരുപോലെ ആശ്രയിക്കുന്നതാണ് ഈ പൊതു കുളം. കഴിഞ്ഞ വർഷം തൊഴിലുറപ്പ് ജോലിയിൽ ഉൾപ്പെടുത്തി 1.53 ലക്ഷം രൂപ ചെലവഴിച്ചു കുളം നവീകരിച്ചിരുന്നു. ജനങ്ങൾ ഉപയോഗിക്കുന്ന വഴി തടസ്സപ്പെടുത്തിയതിനും, പൊതുകുളം നശിപ്പിക്കുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.