വടക്കഞ്ചേരി: വടക്കഞ്ചേരി വഴി കടന്നുപോകുന്ന എല്ലാ ബസുകളും തിങ്കളാഴ്ച മുതൽ സ്റ്റാൻഡിൽ കയറിപ്പോകുന്നതിന് നടപടി സ്വീകരിക്കാൻ പി.പി. സുമോദ് എം.എൽ.എ വിളിച്ചുകൂട്ടിയ ബന്ധപ്പെട്ടവരുടെ യോഗത്തിൽ തീരുമാനിച്ചു. എല്ലാ ബസുകളും സ്റ്റാൻഡിൽ കയറി പോകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പഞ്ചിംഗ് സംവിധാനം പുനരാരംഭിക്കും. പൊലീസിന്റെ സേവനവും സ്റ്റാൻഡിലുണ്ടാകും.
കെ.എസ്.ആർ.ടി.സി ബസുകളും സ്റ്റാൻഡിൽ കയറി പോകാൻ എം.എൽ.എ വകുപ്പ് മന്ത്രിക്ക് കത്ത് നൽകും. ടൗണിലെ വൺവേ സിസ്റ്റം സംബന്ധിച്ച് ബസ് ഉടമകളുമായി ചർച്ച നടത്തി തീരുമാനങ്ങളെടുക്കും. ഇതിനായി വിപുലമായ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിക്കും. റോഡുകളിലെ അനധികൃത പാർക്കിംഗ് കർശനമായി നിരോധിക്കാനും കടകൾക്ക് മുന്നിൽ ഇറക്കിക്കെട്ടിയിട്ടുള്ള വെയിൽ മഴ മറകൾ നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വഴിയോര കച്ചവടക്കാർക്ക് കിഴക്കഞ്ചേരി റോഡിലെ വാഹന പാർക്കിംഗ് സ്ഥലം പ്രയോജനപ്പെടുത്താനും ധാരണയായിട്ടുണ്ട്.
എം.എൽ.എക്കു പുറമെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ. ഉസൈനാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ശ്രീകല, മറ്റു മെമ്പർമാർ, സി.ഐ: മഹേന്ദ്ര സിംഹൻ, ആർ.ടി.ഒ പ്രതിനിധി, വ്യാപാരി നേതാക്കളായ ബോബൻ ജോർജ്, പി. ബാലമുരളി, രമേഷ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. ഗംഗാധരൻ, തോമസ് ജോൺ കാരുവള്ളിൽ, സന്തോഷ് അറക്കൽ, പൊതുമരാമത്ത് റോഡ്സ് വിഭാഗം എൻജിനിയർ ഗിരീഷ് തുടങ്ങിയവർ പൊലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.