1
ട്രെയിനിൽ കടത്തുന്നതിനിടെ പിടികൂടിയ കഞ്ചാവ്.

പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന 9.5 കിലോ കഞ്ചാവ് പിടികൂടി. പാറ്റ്ന എറണാകുളം എക്സ്പ്രസിൽ എറണാകുളത്തേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സംശയിക്കുന്ന 9.5 കിലോ കഞ്ചാവ് പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സർക്കിൾ സംഘവും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

ജനറൽ കമ്പാർട്ട്‌മെന്റിൽ സീറ്റിനടിയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് 52 കിലോ കഞ്ചാവാണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് മാത്രം പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആർ.പി.എഫ് കമാൻഡന്റ് ജതിൻ ബി. രാജ് അറിയിച്ചു.

ആർ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജി അഗസ്റ്റിൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി. സന്തോഷ്, ആർ.പി.എഫ് കോൺസ്റ്റബിൾമാരായ വി. സവിൻ, എൻ. അശോക്, സിവിൽ എക്‌സൈസ് ഓഫീസർ ടി.വി. അജീഷ്, എ. മുരളീധരൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.