covid

പാലക്കാട്: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് പർട്ടി പ്രവർത്തകർ പങ്കെടുത്തതായി പരാതി. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നിനാണ് സംഭവം. തേങ്കുറുശ്ശി കണ്ണാടി തണ്ണീർപന്തലിലെ വീട്ടിൽ നടന്ന ബ്രാഞ്ച് സമ്മേളത്തിലാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് രോഗബാധിതർ പങ്കെടുത്തത്. പാർട്ടി അംഗങ്ങളായ ശ്രീധരനും ഭാര്യയുമാണ് യോഗത്തിൽ പങ്കെടുത്തത്. സംഭവത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. 30 ഓളം പേർ കമ്മിറ്റിയിൽ പങ്കെടുത്തതായാണ് വിവരം. പരിപാടിയിൽ പങ്കെടുത്ത ഇവരുടെ ചിത്രങ്ങളും കൊവിഡ് പോസിറ്റീവായ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്കാണ് ഇവർ ആശുപത്രിയിൽ കൊവിഡ് ടെസ്റ്റ് നടത്തുന്നത്. പാലക്കാട് കോ- ഓപറേറ്റീവ് ഹോസ്പിറ്റൽ ലബോറട്ടറിയിലായിരുന്നു ടെസ്റ്റ്. ആന്റിജൻ ടെസ്റ്റിൽ ശ്രീധരന് കൊവിഡാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഐ.സി.എം.ആർ മാനദണ്ഡ പ്രകാരം രോഗം സ്ഥിരീകരിച്ച് തീവ്രമല്ലെങ്കിൽ 17 ദിവസം കഴിഞ്ഞാൽ പുറത്തിറങ്ങാം. എന്നാൽ അഞ്ച് ദിവസം പൂർത്തിയാകുന്നതിന് മുമ്പേ ഇവർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. സംഭവത്തിൽ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. ക്വാറന്റൈൻ നിയമം ലംഘിച്ചതിനാണ് കേസെടുത്തിട്ടുള്ളത്.