കഞ്ചിക്കോട്: കഞ്ചിക്കോട് കൊയ്യാമരക്കാട് നടന്ന നാട്ടു കൗണ്ടർ സമുദായത്തിന്റെ മൂന്നാം സംസ്ഥാന സമ്മേളനം എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്ന് നൂറ്റാണ്ട് മുമ്പ് തമിഴ്നാട്ടിൽ നിന്നും കുടിയേറിപ്പാർത്ത, പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ തമിഴ് വംശജരായ ജില്ലയിലെ നാട്ടു കൗണ്ടർ സമുദായത്തെ മറ്റു അർഹസമുദായ പട്ടികയിൽ (ഒ.ഇ.സി)യിൽ ഉൾപ്പെടുത്തണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് എ. സ്വാമിനാഥൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം. അനന്തൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ബി. ശെന്തിൽ കുമാർ, എസ്. ശ്രീകുമാർ, ആർ. മുത്തു ശരവണൻ എന്നിവർ സംസാരിച്ചു.
പിന്നാക്ക സമുദായ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ വി.എസ്. മുഹമ്മദ് ഇബ്രാഹിം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി എ. സ്വാമിനാഥൻ (പ്രസിഡന്റ് ), എസ്. നന്ദകുമാർ, പി. രവി (വൈസ് പ്രസിഡന്റ്), എം. അനന്തൻ (സെക്രട്ടറി), ശിവകുമാർ, മണികണ്ഠൻ (ജോയിന്റ് സെക്രട്ടറി), ബി. ശെന്തിൽ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. നാട്ടു കൗണ്ടർ സമുദായം സർവകലാശാല പോളിടെക്നിക് പ്രവേശന പോർട്ടലിൽ ചേർകുന്നതിനും പ്രവേശന നടപടികൾ സുതാര്യമാക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.