മണ്ണാർക്കാട്: നഗരത്തിന്റെ ഹൃദയഭാഗവും നിരവധി കുടുംബങ്ങൾ താമസിക്കുന്ന കോടതിപ്പടി ചോമേരി ഗാർഡൻ പ്രദേശത്തും കാട്ടുപന്നിശല്യം രൂക്ഷം. കഴിഞ്ഞദിവസം രാത്രി ഷോപ്പ് അടച്ച് വീട്ടിലേക്ക് തിരിച്ച പ്രദേശവാസികളായ അസ്‌ലം അച്ചു, ഷൗക്കത്ത് റീഗൾ എന്നിവരുടെ വാഹനത്തിന് മുന്നിലൂടെ പന്നി നടക്കുന്ന കാഴ്ച ഇവർ മൊബൈലിൽ പകർത്തിയതോടെയാണ് പന്നിശല്യത്തിന്റെ ഭീകരത അറിയുന്നത്. പന്നിശല്യം കാരണം കുട്ടികളെ പുറത്ത് വിടാനോ, പ്രഭാത സവാരിക്കിറങ്ങാനോ പ്രദേശവാസികൾ ഭയക്കുകയാണ്.
ഇരുനൂറിലേറെ കുടുംബങ്ങളാണ് ചോമേരി ഗാർഡനിൽ താമസിക്കുന്നത്. രാത്രിയിൽ ജോലി കഴിഞ്ഞ് ഇരുചക്ര വാഹനങ്ങളിലും കാൽനടയായും ഈ വഴി സഞ്ചരിക്കുന്നവർക്ക് ഏറെ അപകടഭീഷണിയാണ് കാട്ടുപന്നികൾ ഉണ്ടാക്കുന്നത്. ഈ പരിസരത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങൾ അതത് ഉടമസ്ഥർ ഉടൻ കാട് വെട്ടിത്തെളിക്കണമെന്ന് ചോമേരി ഗാർഡൻ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അക്ബർ ഫെയ്മസ്, ജനറൽ സെക്രട്ടറി അസ്‌ലം അച്ചു, ട്രഷറർ വേണുഗോപാലൻ എന്നിവർ ആവശ്യപ്പെട്ടു.
കൂടാതെ നഗരത്തിലെ മറ്റുപല റസിഡന്റ്സ് ഏരിയകളിലും പന്നിശല്യം രൂക്ഷമാണ്. പ്രശ്നം പരിഹരിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട്ടുപന്നി ശല്യമുള്ള പ്രദേശങ്ങളിൽ നിന്നും വിവരം അറിയിച്ചാൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ അവിടെയെത്തി പന്നികളെ കൊല്ലുന്ന പ്രവൃത്തി മണ്ണാർക്കാട് ഡിവിഷന്റെ കീഴിലും നടപ്പാക്കി തുടങ്ങിയിട്ടുണ്ടെങ്കിലും പന്നികളുടെ ശല്യം കുറക്കാനായിട്ടില്ല. അത്രമാത്രം എണ്ണമാണ് നഗര പരിധിയിൽ പലയിടത്തുമായി ഉള്ളത്. അടുക്കളത്തോട്ടം പോലുള്ള ചെറിയ കൃഷികൾ ഉൾപ്പെടെ എല്ലാം നശിപ്പിച്ചാണ് പന്നികളുടെ വിളയാട്ടം. കാൽനട, ഇരുചക്ര വാഹനയാത്രികർക്കും നേരെ ആക്രമണമുണ്ടാകുന്നതും നിത്യസംഭവമാണ്.