കൊല്ലങ്കോട്: മുതലമട പഞ്ചായത്ത് ചപ്പക്കാട് കോളനിയിൽ പട്ടികവർഗ വികസന വകുപ്പ് അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവ്വഹിച്ചു. ഒക്ടോബർ രണ്ട് മുതൽ 16വരെ നടക്കുന്ന ' സമഗ്ര വികസനം സാമൂഹിക ഐക്യത്തിലൂടെ ' സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പട്ടികവർഗ വികസന വകുപ്പിലെ 2017- 18 വർഷത്തെ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടിയിലാണ് കോളനിയിലെ വികസന പദ്ധതികൾ നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി കോളനിയിൽ റോഡ് കോൺക്രീറ്റ് ചെയ്തു. പാർശ്വ സംരക്ഷണഭിത്തി, കമ്മ്യൂണിറ്റി ഹാൾ, അഞ്ച് വീടുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ, ചുറ്റുമതിൽ നിർമ്മാണം, ഇലക്ട്രിക് പോസ്റ്റ്, 33 വീടുകൾക്കായി 1000 ലിറ്റർ വാട്ടർ ടാങ്ക് എന്നിവയും സജ്ജമാക്കി. ജില്ലാ നിർമ്മിതി കേന്ദ്രം മുഖേനയാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്.
മുതലമട ചപ്പക്കാട് കോളനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ മുതലമട പഞ്ചായത്ത് പ്രസിഡന്റ് കെ. ബേബിസുധ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ മൃൺമയി ജോഷി മുഖ്യാതിഥിയായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാലിനി കറുപ്പേഷ്, മുതലമട പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലൈരാജ്, എം. മല്ലിക, ബാലമോഹൻ തമ്പി, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.