ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ ഇനി ലബോറട്ടറി സേവനവും കൊവിഡ് പരിശോധനയും 24 മണിക്കൂറും ലഭ്യമാകും. ആശുപത്രിയിലെ സേവനങ്ങളിൽ പരിഷ്‌കാരം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അടുത്തമാസം ഒന്നു മുതൽ ലാബ്, കൊവിഡ് സേവനങ്ങൾ 24 മണിക്കൂറാക്കുന്നത്. നിലവിൽ രാവിലെ മുതൽ ഉച്ചവരെ ഉണ്ടായിരുന്ന ലാബ് സേവനമാണ് പ്രവൃത്തി സമയം ദീർഘിപ്പിക്കുന്നത്.
കൊവിഡ് പരിശോധന നാല് വരെയാണ് ഉണ്ടായിരുന്നത്. അത്യാഹിത വിഭാഗത്തിൽ അത്യാസന്ന നിലയിലെത്തുന്ന രോഗികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് സമയമാറ്റം. പെട്ടെന്നുണ്ടാകുന്ന ഹൃദയ സംബന്ധമായ അസുഖങ്ങൾക്കടക്കം രാത്രി സമയങ്ങളിൽ പരിശോധന ലഭ്യമല്ലാതിരുന്നത് രോഗികൾക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.
സാധാരണക്കാരായ രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു. ഇതിനുവേണ്ട താത്കാലിക ജീവനക്കാരെ നിയമിക്കാനും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. കൊവിഡ് ലക്ഷണങ്ങളോടെ രാത്രിയിൽ ആശുപത്രിയിൽ എത്തുന്നവർക്ക് കൊവിഡ് പരിശോധന സൗകര്യം ലഭിച്ചിരുന്നില്ല. അതുപോലെ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളുടെ കൊവിഡ് പരിശോധന നടത്തുന്നതിനുള്ള സൗകര്യവും രാത്രികളിൽ ആശുപത്രിയിൽ ലഭ്യമായിരുന്നില്ല. മൃതദേഹം ട്രൂനാറ്റ് പരിശോധന നടത്തി പിറ്റേദിവസമാണ് കൈമാറിയിരുന്നത്. ഇതെല്ലാം ഒഴിവാക്കാനാണ് ട്രൂനാറ്റ് പരിശോധന അടക്കം 24 മണിക്കൂറാക്കുന്നത്.
ലാബിന് പുറമേ ഇ.സി.ജി, എക്സ്‌റെ യൂണിറ്റുകളുടെ പ്രവർത്തന സമയവും 24 മണിക്കൂറാക്കി വർദ്ധിപ്പിക്കുന്നത് ആലോചനയിലുണ്ട്. ലാബ്, കൊവിഡ് സേവനങ്ങളുടെ 24 മണിക്കൂർ പ്രവർത്തനത്തിന്റെ സാഹചര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം അർബുദ ചികിത്സാകേന്ദ്രവും കണ്ണ് ശസ്ത്രക്രിയ വിഭാഗവും പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ആശുപത്രി അധികൃതരോട് നിർദേശിച്ചിരുന്നു.