padam
ചെർപ്പുളശ്ശേരി നെല്ലായ ഭാഗത്തെ പാടങ്ങളിൽ വെള്ളം കയറി ഞാറുകൾ നശിച്ച നിലയിൽ.

ചെർപ്പുളശ്ശേരി: കാലംതെറ്റി പെയ്ത കനത്ത മഴയിൽ കർഷകരുടെ പ്രതീക്ഷകൾ തകിടം മറിയുന്നു. കനത്ത മഴയിൽ നെല്ലായ അരീക്കൽപടി തലപ്പാറ, കളത്തുംപടി പാടശേഖരങ്ങളിൽ വെള്ളം കയറി വൻ കൃഷിനാശം.

ഒക്ടോബർ ആദ്യവാരത്തിലുണ്ടായ തുടർച്ചയായ മഴയാണ് കർഷകരെ ദുരിതത്തിലാക്കിയത്. സെപ്തംബർ അവസാനത്തോടെയായിരുന്നു കർഷകർ ഞാറ് നട്ടത്. തലപ്പാറ പാടശേഖര സമിതിയിലെ അംഗമായ എ. വേണുഗോപാൽ ആന്ദ്രങ്കുന്നതിന്റെ എട്ടേക്കർ നെൽക്കൃഷിയിൽ നാലേക്കറോളം വെള്ളം കയറി നശിച്ചു.

കളത്തുംപാറ പാടശേഖര സമിതിയിലെ സിദ്ധി പാറക്കലിന്റെ രണ്ട് ഏക്കറോളം വരുന്ന കൃഷിയും മഴയിൽ നശിച്ചു. നഷ്ടം സഹിച്ചും കൃഷി ചെയ്തു വരുന്ന കർഷകർക്കാണ് അപ്രതീക്ഷിത കനത്ത മഴ വില്ലനായത്. കനത്ത മഴയെ തുടർന്ന് പലയിടത്തും പാടവരമ്പുകൾ തകരുകയും മണ്ണടിയുകയും ചെയ്തിട്ടുണ്ട്. നശിച്ച ഞാറിനു പകരം പുതിയ ഞാറ് നടാൻ ഇനി കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. മറ്റു പല പാടശേഖരങ്ങളിലും സമാനമായ സ്ഥിതിയുണ്ട്.