അലനല്ലൂർ: നിറുത്താതെ പെയ്ത മഴയിൽ മലവെള്ളം എത്തിയതോടെ കണ്ണംകുണ്ട് പാലം വീണ്ടും വെള്ളത്തിനടിയിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ച മുതലാണ് മഴ തിമിർത്ത് പെയ്തത്. വൈകിട്ടോടെ വെള്ളിയാർ കരകവിഞ്ഞൊഴുകിയതോടെയാണ് കണ്ണംകുണ്ട് ക്രോസ്‌വേ വീണ്ടും വെള്ളത്തിനടിയിലായത്. വെള്ളം ഇറങ്ങാതായതോടെ എടത്തനാട്ടുകര ഭാഗത്തേക്ക് വാഹനങ്ങൾക്ക് സഞ്ചരിക്കാനാകാതെ വന്നു. മഴ കനത്ത് പെയ്താൽ പിന്നെ കണ്ണംകുണ്ട് ക്രോസ്‌വേക്ക് മുകളിൽ വെള്ളം കയറുന്നത് പതിവാണ്. പെരുമഴയത്തെ ദുരിതത്തിന് അറുതി വരാനായി കണ്ണംകുണ്ടിൽ ക്രോസ്‌വേക്കു പകരം പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് അധികൃതരും ജനപ്രതിനിധികളും ചെവി കൊടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.