ശ്രീകൃഷ്ണപുരം : ശ്രീകൃഷ്ണപുരത്ത് ഞായറാഴ്ച മൂന്നുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. പെരുമാങ്ങോട് ക്ഷേത്രത്തിന് സമീപത്താണ് ആദ്യത്തെയാൾക്ക് കടിയേറ്റത്. അമ്പലത്തിൽ നിന്ന് ജോലികഴിഞ്ഞ് വരുന്നതിനിടെ ഉത്രത്തിൽക്കാവ് ക്ഷേത്രം ജീവനക്കാരിയായ പെരുമാങ്ങോട് പുഷ്പകത്ത് കെ.ആർ. ഭാരതി ബ്രാഹ്മിണി അമ്മയെ (64) പേപ്പട്ടി കടിച്ചു.
കാലിലും കൈയിലും കടിയേറ്റ ഇവരെ അതുവഴി കാറിൽ വരികയായിരുന്ന വലമ്പിലിമംഗലത്തെ റേഷൻ വ്യാപാരിയും അയൽവാസിയുമായ ഹരിഗോവിന്ദനാണ് പട്ടിയുടെ ആക്രമണത്തിൽനിന്ന് രക്ഷിച്ചത്. പിന്നീട് മംഗലാംകുന്ന് ചാത്തൻകുന്ന് ഭാഗത്തേക്ക് ഓടിയ പട്ടി തൊഴിലുറപ്പ് തൊഴിലാളികളുടെ നേരെ തിരിഞ്ഞു.
പന്ത്രണ്ടാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പാതയുടെ അരികു ചാല് വൃത്തിയാക്കുന്നതിനിടെയാണ് ചാത്തൻകുന്ന് കാവുങ്ങൽത്തൊടി രാജലക്ഷ്മിക്ക് (52) കടിയേറ്റത്. ചാത്തൻകുന്ന് നിനീതയിൽ വീട്ടിൽ കാവൽക്കാരനായ അന്യ സംസ്ഥാന ത്തൊഴിലാളിക്കും കടിയേറ്റു. ചാത്തൻകുന്ന് മുഞ്ഞപ്പാറ പങ്കജാക്ഷന്റെ ആടിനും കടിയേറ്റിട്ടുണ്ട്. കെ.ആർ. ഭാരതി ബ്രാഹ്മിണി അമ്മ, രാജലക്ഷ്മി എന്നിവർക്ക് ശ്രീകൃഷ്ണപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് പേവിഷബാധയ്‌ക്കെതിരായ കുത്തിവയ്പ് നൽകി.