tree
കൊടുവായൂർ കോട്ടപ്പടിയിലുള്ള തപാൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റിയ നിലയിൽ.

കൊടുവായൂർ: തപാൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റിയതായി പരാതി. കൊടുവായൂർ കോട്ടപ്പടിയിലുള്ള 30 സെന്റിലേറെയുള്ള സ്ഥലത്തെ മരങ്ങളാണ് മുറിച്ചു മാറ്റിയത്. ഒരു പൂമരം, രണ്ട് ബദാം മരം, രണ്ട് അശോകമരം, ഒരു വാകമരത്തിന്റെ മൂന്ന് പ്രധാന ശാഖകൾ എന്നിവയാണ് മുറിച്ചുമാറ്റിയിട്ടുള്ളത്.

മുറിച്ച ചില മരങ്ങളുടെ തടി കടത്തിക്കൊണ്ടുപോയതായി നാട്ടുകാർ പറഞ്ഞു. തങ്ങളുടെ സ്ഥലത്തേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങളുടെ കൊമ്പ് മുറിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കൊടുവായൂർ പോസ്റ്റ് ഓഫീസിൽ സ്വകാര്യ വ്യക്തി നിവേദനം നൽകിയിരുന്നു.

ഈ നിവേദനം പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് അധികൃതർക്ക് കൈമാറിയിട്ടുണ്ടെങ്കിലും മരം മുറിക്കാൻ നടപടി ആയിട്ടുണ്ടായിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. മരംമുറിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൊടുവായൂർ പോസ്റ്റുമാസ്റ്റർ കെ. ബീന, അസി. സൂപ്രണ്ടുമാരായ എൻ. ഉണ്ണിക്കൃഷ്ണൻ, ദീപ്തി എന്നിവർ സ്ഥലം സന്ദർശിച്ചു.

തുടർന്ന് അനുവാദമില്ലാതെ തടികൾ മുറിച്ചുമാറ്റിയ വരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പുതുനഗരം പൊലീസിൽ പോസ്റ്റു മാസ്റ്റർ പരാതി നൽകി. സർക്കാർ ഉടമസ്ഥതയിലുള്ള മരം മുറിച്ച് കടത്തിയവർക്കക്കതിരെ നിയമ നടപടി സ്വീകരണമെന്ന് ബി.ജെ.പി നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി ജെനറൽ സെക്രട്ടറി പി.ആർ. സുനിൽ ആവശ്യപ്പെട്ടു.