പട്ടാമ്പി: അനിയന്ത്രിതമായ തെരുവുനായ്ക്കളുടെ വർദ്ധനവ് മൂലം പട്ടാമ്പി പ്രദേശത്തെ ജനങ്ങൾ ദുരിതത്തിൽ. വ്യാപനം കൂടിയതോടെ നിരത്തുകളും പൊതുസ്ഥലങ്ങളും തെരുവ് നായ്ക്കൾ കൈയടക്കിയതോടെ ഇരുചക്രവാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം പട്ടാമ്പി നിള ആശുപത്രിക്കു പരിസരത്ത് ഓട്ടോയ്ക്കു മുന്നിൽ തെരുവുനായ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ ജുവൈന പി. ഖാൻ രണ്ടാഴ്ച മുമ്പ് മരണപ്പെട്ടതും നായ ബൈക്കിന് കുറുകെ ചാടിയായിരുന്നു.
കഴിഞ്ഞ ദിവസം മുതുതല വടക്കുമുറി മാഞ്ഞാമ്പ്ര പുതിയ റോഡിൽ പ്രദേശവാസിയായ താളിക്കുന്നത്ത് മുഹമ്മദ് റഫീഖ് (24)നെ തെരുവുനായയുടെ കടിയേറ്റിരുന്നു. കൂടാതെ രണ്ടു പശുക്കൾക്കും ഒരു താറാവിനും നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അപകടങ്ങളെ തുടർന്ന് തെരുവ് നായയെ പിടികൂടാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും നായ ഓടി രക്ഷപെടുകയായിരുന്നു.
നീണ്ട ഇടവേളയ്ക്കുശേഷം സ്‌കൂളുകൾ തുറക്കുമ്പോൾ ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നിർഭയമായി വഴിനടക്കാൻ വന്ധ്യംകരണം ഉൾപ്പെടെയുള്ള തെരുവുനായ നിർമ്മാർജന പ്രവർത്തനങ്ങൾ ഉടൻ ഊർജിതമാക്കാൻ മൃഗസംരക്ഷണ വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.