inogration
കരിമ്പുഴ പഞ്ചായത്തിൽ സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന ഏകോപന സമിതി യോഗം പ്രസിഡന്റ് ഉമ്മർ കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: നവംബർ ഒന്നിന് കുട്ടികൾ വീടുകളിൽ നിന്ന് സ്കൂളിലെത്തുമ്പോൾ അവരുടെ സുരക്ഷയ്ക്കുള്ള സൗകര്യം ചെയ്യുമെന്ന് കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് അറിയിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന ഏകോപന സമിതി യോഗം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. തിരികെ സ്‌കൂളിലേക്ക് എന്ന ലക്ഷ്യം നേടാനായി കർമ്മപദ്ധതിക്ക് യോഗം അംഗീകാരം നൽകി.

20ന് മുമ്പായി സ്‌കൂൾ തലത്തിൽ സംയുക്ത യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾക്ക് രൂപം നൽകും. സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കും. തെർമ്മൽ സ്‌കാനർ, സാനിറ്റൈസർ, മാസ്‌ക് ലഭ്യത ഉറപ്പാക്കണം. കിണർ, ടാങ്ക്, വാട്ടർ ടാപ്പ് ശുചീകരിക്കും. ആഴ്ചയിൽ ഒരു തവണയെങ്കിലും സ്കൂളുകളിലെ ആരോഗ്യ സാഹചര്യങ്ങൾ ബന്ധപ്പെട്ടവർ വിലയിരുത്താനും യോഗത്തിൽ തീരുമാനമായി.

ആവശ്യമുള്ളയിടത്തെല്ലാം സന്നദ്ധ സംഘടനകളുടെ സാന്നിദ്ധ്യം ഉറപ്പാക്കും. ആരോഗ്യ പ്രവർത്തകരുടെ മുഴുവൻ സമയ സേവനവും ലഭ്യമാക്കും. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രജിത അദ്ധ്യക്ഷയായി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. ഹനീഫ, കെ.കെ. ഷൗക്കത്ത്, സി. ഷീജ, എൻ.പി. പ്രിയേഷ്, വി. ഉണ്ണിക്കൃഷ്ണൻ, പി. സുരേഷ്, സുനിൽ, കെ. രാജ് കുമാർ, പി. മുഹമ്മദാലി, സി.പി. സാദിഖ്, പി. അശോകൻ, കെ.ടി. രാമചന്ദ്രൻ, എം. വിജയൻ എന്നിവർ പങ്കെടുത്തു.