മണ്ണാർക്കാട്: അട്ടപ്പാടി ചുരം റോഡ് വൈകുന്നതിൽ പ്രതിഷേധിച്ച് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. 2016 കിഫ്ബിയിൽ ഉൾപ്പെടുത്തിയ മണ്ണാർക്കാട് ചിന്നത്തടാകം റോഡ് സർക്കാർ അനാസ്ഥ കാരണം അനന്തമായി നീളുകയാണ്.
നിരവധിതവണ നിയമസഭയിലും അധികൃതരുടെ മുന്നിലും റോഡ് നിർമ്മാണം വൈകുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് എം.എൽ.എ അവതരിപ്പിച്ചിരുന്നു. അട്ടപ്പാടിക്കാർക്ക് ഗുരുതരാവസ്ഥയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് അയക്കുന്ന രോഗികൾ വഴിയിൽ വച്ച് മരിക്കുന്ന സാഹചര്യം ചുരം റോഡിൽ പതിവാണ്.
റോഡിന്റെ പരിതാപകരമായ അവസ്ഥമൂലം അട്ടപ്പാടിക്കാർ ഒറ്റപ്പെടുന്ന സാഹചര്യവുമുണ്ട്. ഇത്തരം സാഹചര്യങ്ങൾക്കൊടുവിലാണ് സമരത്തിന് തയ്യാറെടുക്കുന്നത്. സർക്കാരിന്റെ പ്രധാന പദ്ധതിയായി കിഫ്ബി പ്രഖ്യാപിക്കപ്പെട്ടത് കൊണ്ടാണ് ചുരം റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
റോഡ് നിർമ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ആറിന് രാവിലെ ഒമ്പതിന് മുക്കാലിയിൽ നിന്നും എം.എൽ.എയുടെ നേതൃത്വത്തിൽ ആനമൂളിയിലേക്ക് പദയാത്ര നടത്തും. പദയാത്ര പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു.