മണ്ണാർക്കാട്: എടത്തനാട്ടുകര ചളവയിലെ പനച്ചിക്കുത്ത് തറവാട്ടിൽ ഇക്കുറിയും പതിവു തെറ്റാതെ കുരുന്നുകൾ ആദ്യക്ഷര പുണ്യം തേടിയെത്തി. കേരളത്തിൽ ഗൃഹങ്ങളിൽ വച്ച് എഴുത്തിനിരുത്തൽ ചടങ്ങ് നടത്തപ്പെടുന്ന അപൂർവം വീടുകളിലൊന്നാണ് ഇവിടം. ചളവയിലെ പ്രാചീന നിലത്തെഴുത്താശാനും സംസ്‌കൃത പണ്ഠിതനുമായിരുന്ന പനച്ചിക്കുത്ത് കുഞ്ഞികൃഷ്ണൻ എഴുത്തച്ഛന്റെ പിൻ തലമുറക്കാരായ പനച്ചിക്കുത്ത് കുടുംബ കൂട്ടായ്മയാണ് അദ്ദേഹത്തിന്റെ കാലശേഷം ചടങ്ങുകൾ മുറതെറ്റാതെ നടത്തി വരുന്നത്. ഒമ്പതു ദിവസത്തെ പൂജകൾക്കു ശേഷമാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്. ഇളംതലമുറക്കാരായ ആചാര്യൻ പി. ഗോപാലകൃഷ്ണൻ, കർമ്മശ്രേഷ്ഠ അവാർഡ് ജേതാവും ദേശീയ വിദ്യാഭ്യാസ വിദഗ്ദ്ധനുമായ പനച്ചിക്കുത്ത് അച്യുതൻ, യുവ സാഹിത്യകാരൻ ശ്രീധരൻ പനച്ചിക്കുത്ത് എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. തുടർന്ന് എഴുത്തച്ഛൻ അനുസ്മരണവും സാംസ്‌കാരിക സദസും നടന്നു.