ഒറ്റപ്പാലം: കണ്ണ് ശസ്ത്രക്രിയ വിഭാഗത്തിൽ മികവാർന്ന നേട്ടവുമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രി. കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന കാലത്ത് ഉൾപ്പെടെ മുടങ്ങാതെ താലൂക്ക് ആശുപത്രിയിൽ നടത്തിയത് 300 കണ്ണ് ശസ്ത്രക്രിയകൾ. രണ്ട് വർഷം മുമ്പ് പ്രവർത്തനം തുടങ്ങി മറ്റേതൊരു കണ്ണാശുപത്രിയേക്കാളും മികച്ച പ്രവർത്തനമാണ് ഇക്കാലത്തിനിടെ കണ്ണ് രോഗവിഭാഗം കാഴ്ചവച്ചത്.
കൂടുതൽ പേരും തിമിര ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് താലൂക്ക് ആശുപത്രിയെ സമീപിച്ചിരുന്നത്. 247 തിമിര ശസ്ത്രക്രിയകളും 38 ചെറിയ ശസ്ത്രക്രിയകളുമാണ് ഇവിടെ ഇതുവരെ നടന്നത്. നേത്രപടലത്തിന് മുകളിലെ പാടനീക്കൽ, പോളക്കുരു, മുഴ, തടിപ്പ് നീക്കൽ എന്നീ ശസ്ത്രക്രിയകളാണുള്ളത്. ആഴ്ചയിൽ ഒരു ദിവസം അഞ്ച് ശസ്ത്രക്രിയകളാണ് കണ്ണ് രോഗവിഭാഗത്തിന്റെ നേതൃത്വത്തിൽ ചെയ്യുന്നത്.
അഞ്ച് ശസ്ത്രക്രിയകൾ ചെയ്യാനുള്ള സൗകര്യമാണ് താലൂക്ക് ആശുപത്രിയിലുള്ളത്. ജില്ലയിലെ സർക്കാർ മേഖലയിലുള്ള മറ്റ് കണ്ണ് ശസ്ത്രക്രിയാ വിഭാഗങ്ങളെല്ലാം അടച്ചപ്പോഴും ഒറ്റപ്പാലത്ത് താലൂക്ക് ആശുപത്രിയിലെ വിഭാഗം പ്രവർത്തിച്ചിരുന്നത് രോഗികൾക്ക് അനുഗ്രഹമായിരുന്നു. ദിവസേന പത്ത് ശസ്ത്രക്രിയകൾ നടന്നിരുന്ന ജില്ലാശുപത്രിയിലെ കേന്ദ്രം അടച്ചതോടെ ഒറ്റപ്പാലത്തെ വിഭാഗത്തിൽ തിരക്കേറിയിരുന്നു. ഒ.പിയിൽ മാത്രം 50ലേറെ പേർ ദിവസേന ചികിത്സക്കെത്തുന്നുണ്ട്.
അസൗകര്യങ്ങൾക്ക് മദ്ധ്യേ അത്ഭുത പ്രവർത്തനം
ഒറ്റപ്പാലം താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ തന്നെയാണെങ്കിലും അർബുദ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് കണ്ണ് രോഗ വിഭാഗത്തിന്റെ പ്രവർത്തനം. വിട്ടുമാറിയുള്ള കെട്ടിടത്തിലായതിനാൽ അസൗകര്യങ്ങളും ഏറെയുണ്ട്. ജനറേറ്റർ സൗകര്യമില്ലെന്നതാണ് പ്രധാന പ്രശ്നം. ഇത് ചിലപ്പോഴൊക്കെ ശസ്ത്രക്രിയകളെ ബാധിക്കുന്നുണ്ട്. പ്രധാന കൊവിഡ് പ്രതിരോധ കേന്ദ്രമായതിനാൽ ജീവനക്കാരുടെ കുറവ് പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെങ്കിലും പ്രവർത്തനം തുടരുന്നു.