ചെർപ്പുളശ്ശേരി: ജന്മിമാർക്കും സാമ്രാജിത്വത്തിനുമെതിരെ കർഷകർ നടത്തിയ സമരമാണ് മലബാർ കലാപമെന്നും സമരത്തെ വർഗീയകലാപമായി ചിത്രീകരിക്കാനുള്ള ശ്രമം ചരിത്ര നിഷേധമാണെന്നും നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്. ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലബാർ കലാപം ആഹ്വാനവും താക്കീതും എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒറ്റപ്പെട്ട വർഗീയ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മലബാർ കലാപത്തെ വർഗീയവത്കരിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും സ്പീക്കർ പറഞ്ഞു. മലബാർ കലാപത്തിന്റെ നൂറാം വാർഷികാത്തോട് അനുബന്ധിച്ചാണ് ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മലബാർ കലാപം ആഹ്വാനവും താക്കീതും എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചത്.
ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സുധാകരൻ അദ്ധ്യക്ഷനായി. ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഇ. രാമചന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഇ. ചന്ദ്രബാബു, ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. വിജയൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പി.സി. ശിവശങ്കരൻ, കൗൺസിൽ അംഗം വി. രവീന്ദ്രൻ, നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് കെ. അജേഷ് എന്നിവരും പങ്കെടുത്തു.