1
നല്ലേപ്പിള്ളിയിലെ പാടശേഖരത്തിലെ നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി നെല്ല് മുഴുവൻ മുളച്ച് നിൽക്കുന്നു.

ചിറ്റൂർ: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയിൽ ചിറ്റൂർ മേഖലയിലെ നൂറ് കണക്കിന് ഹെക്ടർ നെൽക്കൃഷി വെള്ളത്തിനടിയിലായി. കൊയ്യാൻ പാകമായ നെൽച്ചെടികൾ മുമ്പ് പെയ്ത മഴയിൽ തന്നെ ചരിഞ്ഞു വീണ് കൊയ്ത്ത് യന്ത്രം ഇറക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. അതിനു ശേഷം മഴയ്ക്ക് അൽപ്പം ശമനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ കനത്ത മഴ നെൽക്കർഷകരെ ദുരിതത്തിലാക്കി.

നല്ലേപ്പിള്ളി, അരണ്ടപ്പള്ളം, കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ കല്ലാണ്ടി ചള്ള, പൊൽപ്പുള്ളി, പട്ടഞ്ചേരി, പെരുമാട്ടി തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിൽ ഉൾപ്പെടുന്ന ആയിരത്തിൽപ്പരം ഹെക്ടർ നെൽപ്പാടങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. പാടങ്ങൾ വെള്ളത്തിലായതോടെ തമിഴ്നാട്ടിൽ നിന്നെത്തിയ കൊയ്ത്ത് യന്ത്രങ്ങൾ പാടത്ത് ഇറക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

വെള്ളം വാർന്ന ശേഷം കൊയ്ത്ത് യന്ത്രം ഇറങ്ങുമ്പോഴേക്കും അവശേഷിച്ച പാടങ്ങളിലെ വിളയും മുഴുവൻ മുളച്ച് നശിക്കുമെന്ന ഭീതിയിലാണ് കർഷകർ. മഴയ്ക്ക് മുമ്പ് കൊയ്‌തെടുത്ത നെല്ലും വയ്‌ക്കോലും ഉണക്കാൻ കഴിയാതെയും മുളച്ചും ചീഞ്ഞ് നശിക്കുന്ന സ്ഥിതിയുമുണ്ട്. ദുരിതത്തിനും നാശനഷ്ങ്ങൾക്കും പരിഹാരം ഉണ്ടാക്കണമെന്ന് കർഷകരും പാടശേഖര സമിതികളും ആവശ്യപ്പെടുന്നു.