ശ്രീകൃഷ്ണപുരം: സ്ത്രീ സുരക്ഷയ്ക്കായി ഒട്ടേറെ നിയമങ്ങൾ ഉണ്ടെങ്കിലും വീട്ടിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ. ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ബ്ലോക്ക് പഞ്ചായത്തിന്റെയും വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാരുടെ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിലാണ് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അദ്ധ്യക്ഷനായി.
വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി. രാജിക, പി. ജയശ്രീ, എ. പ്രേമലത, എം. സെയ്താലി, വി.കെ. രാധിക, സുമിത, പി. സുബ്രഹ്മണ്യൻ, കെ. ശ്രീലത, പി. അരവിന്ദാക്ഷൻ സംസാരിച്ചു. 51 സ്ത്രീകളെ അണിനിരത്തി കൊണ്ടുള്ള മെഗാ തിരുവാതിരകളിയും അരങ്ങേറി.